ഹലോ മാമുക്കോയ അല്ലേ..? ഇങ്ങൾ മയ്യിത്തായില്ലാ...?
text_fieldsകോഴിക്കോട്: പഴയ സിനിമകളിലെ മാമുക്കോയയുടെ ഹാസ്യരംഗങ്ങൾ തഗ് ലൈഫ് വിഡിയോകളായി കോവിഡ്കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. അല്പകാലം മുമ്പ് മറ്റൊരു വിഡിയോയും ഇതുപോലെ വൈറലായി. മാമുക്കോയയെ ഒരു അപരിചിതൻ വിളിക്കുന്നതും ശബ്ദം കേട്ടയുടനെ അയാൾ താരത്തോട് ‘നിങ്ങൾ മയ്യിത്തായില്ലേ...’ എന്ന് ചോദിക്കുന്നതുമാണ് രംഗത്തിലുള്ളത്.
ഫേസ്ബുക്കിൽ മരണവാർത്ത കേട്ട് വിളിച്ച അയാളോട് താൻ ഇപ്പോൾ മരിച്ചിട്ടില്ലെന്നും മരിച്ചിട്ട് വിളിക്കുകയാണെങ്കിൽ അപ്പോൾ സംസാരിക്കാമെന്നും മാമുക്കോയ സരസമായി മറുപടി നൽകുന്നുമുണ്ട്. ഇങ്ങനെ ഓരോന്ന് പടച്ചുവിടാൻമാത്രം ആര്‍ക്കാണ് മാമുക്കോയയോട് ഇത്രയും ശത്രുത എന്ന് ചോദിക്കുമ്പോള്‍, മെഗാ സ്റ്റാർ മമ്മൂട്ടിക്ക് എന്നാണ് താരം തമാശയായി മറുപടി പറയുന്നത്.
‘ഞാന്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആനന്ദം കിട്ടുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അങ്ങനെ സന്തോഷം കിട്ടുന്നവന് കിട്ടട്ടെ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് അങ്ങനെയും പലരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുതന്നെ വലിയ കാര്യം. ഒരു തമാശയായി മാത്രമേ ഞാന്‍ ഇതിനെയും കാണുന്നുള്ളൂ.
പരാതി കൊടുക്കാന്‍ പലരും പറഞ്ഞു. എന്നിട്ട് എന്ത് കിട്ടാനാണെന്നാണ് ഞാൻ അവരോട് ചോദിച്ചത്. എഴുപത് വയസ്സായി. ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല. എന്തായാലും ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്. മരണക്കിടക്കയില്‍ ഒരുപാടു നാള് കിടത്തരുതെന്ന് -ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

