നടി ശ്വേത മേനോനെതിരായ കേസിലെ തുടർ നടപടികളിൽ സ്റ്റേ തുടരും
text_fieldsശ്വേത മേനോൻ
കൊച്ചി: സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളിൽ സ്റ്റേ തുടരും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾ തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ജസ്റ്റിസ് വി.ജി. അരുൺ ഒക്ടോബർ 28 വരെ നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
സിനിമകളിലും പരസ്യചിത്രങ്ങളിലും നഗ്നത പ്രദർശിപ്പിച്ചെന്നാരോപിച്ച് നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് എറണാകുളം സി.ജെ.എം കോടതിയുടെ നിർദേശപ്രകാരമാണ് ഹരജിക്കാരിക്കെതിരേ പൊലീസ് കേസെടുത്തത്.
നടി അഭിനയിച്ച പാലേരിമാണിക്യം, രതിനിർവേദം, കളിമണ്ണ് സിനിമകളും പരസ്യചിത്രങ്ങളും മുൻനിർത്തി തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയാണ് സി.ജെ.എം കോടതിയെ സമീപിച്ചത്. തുടർന്ന് അനാശാസ്യം തടയൽ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
താരസംഘടന ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവമെന്നതിൽ നിന്ന് പരാതി ദുരുദ്ദേശ്യപരമാണെന്ന് വ്യക്തമാണെന്ന് ശ്വേത മേനോൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

