ബാഹുബലിയിലെ ആ കഥാപാത്രം ശ്രീദേവി ചെയ്യേണ്ടതായിരുന്നു, പക്ഷെ...
text_fieldsഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. ദക്ഷിണേന്ത്യൻ സിനിമയിലും ബോളിവുഡിലുമായി 300ലധികം സിനിമകളിൽ അവർ അഭിനയിച്ചു. മിസ്റ്റർ ഇന്ത്യ, ചാന്ദ്‌നി, നാഗിന, ലംഹേ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ അവർ സൂപ്പർസ്റ്റാറായി മാറി. 2018ലാണ് ശ്രീദേവി മരിക്കുന്നത്. വെറും 54 വയസ്സ് മാത്രമായിരുന്നു പ്രായം. ശ്രീദേവിയുടെ പെട്ടെന്നുള്ള മരണം സിനിമ മേഖലയെ ആകെ ഞെട്ടിച്ചു.
എസ്.എസ്. രാജമൗലിയുടെ ബാഹുബലിയിൽ ഒരു പ്രധാന വേഷം ചെയ്യാൻ ശ്രീദേവിയെ ആയിരുന്നു ആദ്യം സമീപിച്ചത്. ചിത്രത്തിലെ ശിവഗാമിയുടെ വേഷമാണ് ശ്രീദേവിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, ശ്രീദേവി ചില ഡിമാന്‍റുകൾ കാരണം അത് നിരസിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീട് ആ വേഷം രമ്യ കൃഷ്ണനാണ് ചെയ്തത്. അടുത്തിടെ, ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ ഒരു യൂട്യൂബ് ചാനലിൽ യഥാർഥ കാരണം പങ്കുവെച്ചു.
'രാജമൗലിയുമൊത്തുള്ള സിനിമ നടന്നില്ല, അദ്ദേഹത്തിന്റെ സന്ദേശം ഇപ്പോഴും എന്റെ കൈവശമുണ്ട്. അവരോട് സംസാരിച്ചതിന് ശേഷം അവരോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം പലമടങ്ങ് വർധിച്ചു. എന്നാൽ നിർമാതാക്കൾ സൃഷ്ടിച്ച ആശയക്കുഴപ്പം കാരണം അവർ ആ സിനിമയിൽ പ്രവർത്തിച്ചില്ല' -എന്നായിരുന്നു ബോണി കപൂർ പറഞ്ഞത്.
ഇംഗ്ലീഷ് വിംഗ്ലീഷിന് ലഭിച്ചതിനേക്കാൾ കുറഞ്ഞ തുകയാണ് നിർമാതാക്കൾ അവർക്ക് വാഗ്ദാനം ചെയ്തത്. അവർ ബുദ്ധിമുട്ടുന്ന ഒരു നടിയായിരുന്നില്ല. രാജമൗലിയെ തെറ്റിദ്ധരിപ്പിച്ചതിന് നിർമാതാവ് ഷോബു യാർലഗദ്ദയെ ബോണി കുറ്റപ്പെടുത്തി. ശ്രീദേവി പ്രൊഫഷണലല്ലെന്ന് പറയുന്നത് തെറ്റാണ്. യാഷ് ചോപ്ര, രാകേഷ് റോഷൻ തുടങ്ങിയ നിരവധി സംവിധായകർ അവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും ബോണി കപൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

