ട്രോളുകളിലെ ശ്രീനിവാസൻ
text_fieldsപാലക്കാട്: ''എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ..'' ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ഡയലോഗ് പറയാത്ത മലയാളികളുണ്ടാകില്ല. ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും നാളുകൾ മാറി പുതുജീവിതം വരുമെന്ന് പ്രതീക്ഷ നൽകുന്ന വാക്കുകൾ. നാടോടിക്കാറ്റിലെ ദാസനും വിജയനും തമ്മിലുള്ള സംഭാഷണങ്ങളിൽ ഇടയ്ക്കിടെ ശ്രീനിവാസന്‍റെ വിജയൻ എന്ന കഥാപാത്രം പറയുന്ന ഈ വാക്കുകൾ തലമുറകളായി ഓരോ മലയാളിയും ഏറ്റുപറയുന്നതാണ്. ശ്രീനിവാസൻ വരച്ചിട്ട കഥാപാത്രങ്ങളും അവയുടെ മർമ്മത്തിൽ കൊള്ളുന്ന ഡയലോഗുകളുമെല്ലാം ഇന്നും സാമൂഹികമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നവയാണ്. സ്വത്ത് ഭാഗം വെക്കുമ്പോൾ തനിക്ക് ഒന്നും തന്നില്ലെന്ന് പറയുന്ന മകന്‍റെ സങ്കടത്തിൽ ''ഈശ്വരാ ഭഗവാനേ അച്ഛന് നല്ലത് മാത്രം വരുത്തണെ! അങ്ങേരെ ഞാൻ കോടതി കയറ്റും'' എന്ന് നിഷ്കളങ്കമായി പറയുന്ന ശ്രീനിവാസനെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമ കണ്ടവരാരും മറക്കില്ല.
വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശന്‍റെ ''ശോഭ ചിരിക്കുന്നില്ലേ..'' കേട്ടാൽ ആരും ചിരിച്ചുപോകും. എല്ലാ തെരഞ്ഞെടുപ്പുകളിലും ഫലം വന്നശേഷം ട്രോളുകളിൽ നിറയുന്ന മീം ആണ് സന്ദേശത്തിലെ ''എന്തുകൊണ്ട് നമ്മൾ തോറ്റു'' എന്ന ചർച്ച. പ്രതിക്രിയാവാദികളെയും വിഘടനവാദികളെയും അന്തർദാരയെയും കുറിച്ചുമെല്ലാം പറയാത്തവർ വളരെ കുറവ്. നിത്യജീവിതത്തിലെ തമാശ ചർച്ചകളിൽ പോലും ''പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'' എന്ന് നമ്മൾ പറഞ്ഞുപോകും. ഉരുളക്കുപ്പേരി പോലുള്ള മറുപടികളാണ് ശ്രീനിവാസന്‍റെ സംഭാഷണങ്ങളിലെ ചാരുത. അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ.. പ്രേഷകനെ മുൾമുനയിൽ ഇരുത്തുന്ന ഡയലോഗുകൾ. മേഘം സിനിമയിൽ മമ്മൂട്ടിയുടെ മേജറും ശ്രീനിവാസന്‍റെ ഷൺമുഖനും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം ഇന്നും ചിരിയുടെ അമിട്ട് പൊട്ടിക്കുന്നതാണ്.
''ഇത് ഒരു ആനയല്ല. ഇത് ഒരു തേങ്ങയല്ല. ഇതൊരു ഒലക്കയല്ല... ഏത് ഏതൊക്കെയാണെന്നും ആര് ആരൊക്കെയാണെന്നുമുള്ള വ്യക്തവും വടിവൊത്തതുമായ ബോധം എനിക്കുണ്ട്..'' ചിത്രത്തിലെ ശ്രീനിവാസന്‍റെ കഥാപാത്രം ഇത് പറയുമ്പോൾ ഒരു നിമിഷം നമ്മളും അയാൾക്കൊപ്പം ചേരും. പോളിടെക്നിക് പഠിച്ച നായകൻ കാറോടിക്കുമ്പോൾ ബ്രേക്ക് കിട്ടാതെ ''ബ്രേക്കെവിടെ ബ്രേക്കെവിടെ'' എന്ന് അലറുന്നത് കേട്ട് പൊട്ടിച്ചിരിച്ചവരാണ് മലയാളികൾ. ട്രോളുകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഡയലോഗ്.
ഭാര്യയുടെ ചാരനാണെന്ന് കരുതി അമ്മായി അച്ഛനെ തല്ലാൻ പോകുന്നതിനിടെ ''ഒരു ഉലക്ക കിട്ടുമോ'' എന്ന് ചോദിച്ച് പതിയെ നടന്നുപോകുന്ന തളത്തിൽ ദിനേശന്‍റെ മീം ട്രോൾ പേജുകളിൽ സുലഭമാണ്. ഒരു മാസം തട്ടിമുട്ടി ജീവിക്കാന്‍ വേണം ഒരു കോടി !, ഇല്ല സാർ, ഇന്നലെ ഞങ്ങൾ ഇല്ല സാർ. .!, കണ്ണ് പഴുത്ത് അളിഞ്ഞിരിക്കുകയാണ് സാർ.. അങ്ങനെ എത്രയേറെ ഡയലോഗുകൾ.. ഇവയെല്ലാം ഇന്നും ട്രോൾ പേജുകൾ ഭരിക്കുന്ന സംഭാഷണങ്ങളാണ്. മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് കാലയവനികയിൽ മറഞ്ഞ ശ്രീനിവാസൻ എന്ന അതുല്യ കലാകാരനെ ഓർക്കാൻ അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ''ങള് അങ്ങനൊന്നും മരിക്കുല മെൻസ !''. മറക്കില്ല മലയാളികളിലൊരിക്കലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

