ആരുമായും വലിയ സൗഹൃദങ്ങളില്ല, ആരോടും മനസ്സ് തുറക്കാറില്ല; ആരെയും വേദനിപ്പിക്കാനും നിക്കില്ല; എ.ആർ. റഹ്മാനെക്കുറിച്ച് സോനു നിഗം
text_fieldsഎ.ആർ. റഹ്മാനെക്കുറിച്ചും അദ്ദേഹത്തിന്‍റെ സ്വഭാവരീതികളെക്കുറിച്ചും ഗായകൻ സോനു നിഗം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. ബോളിവുഡിലെ വിവേചനങ്ങളെക്കുറിച്ച് റഹ്മാൻ നടത്തിയ ചില പരാമർശങ്ങൾക്ക് പിന്നാലെയാണ് സോനു നിഗത്തിന്‍റെ ഈ പഴയ വിഡിയോ വൈറലായത്. നേരത്തെ O2 ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ റഹ്മാനുമായി അടുപ്പമുണ്ടാക്കുക പ്രയാസമാണെന്ന് സോനു നിഗം പറഞ്ഞിരുന്നു.
‘റഹ്മാന് ആരുമായും വലിയ സൗഹൃദങ്ങളില്ല. അദ്ദേഹം ആരോടും മനസ്സ് തുറക്കാറില്ല. ഒരുപക്ഷേ അദ്ദേഹത്തെ പണ്ട് ദിലീപ് ആയിരുന്ന കാലം മുതൽ അറിയുന്ന പഴയ സുഹൃത്തുക്കളോട് അദ്ദേഹം സംസാരിക്കുമായിരിക്കാം. എന്നാൽ മറ്റാരുമായും അദ്ദേഹം അടുപ്പം കാണിക്കുന്നത് ഞാൻ കണ്ടിട്ടില്ല. യു.എസ് ടൂറിനിടെ തങ്ങൾ തമ്മിലുള്ള സംസാരം ഹായ്, ഹലോ എന്നതിൽ ഒതുങ്ങിയിരുന്നുവെന്ന് സോനു നിഗം പറയുന്നു. ‘അദ്ദേഹത്തിന് ഗോസിപ്പ് പറയാൻ അറിയില്ല. അദ്ദേഹത്തിന് എന്നെക്കുറിച്ചോ മറ്റുള്ളവരെക്കുറിച്ചോ ഒന്നും അറിയേണ്ടതില്ല, അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവർ അറിയുന്നതും റഹ്മാന് താൽപ്പര്യമില്ല. അദ്ദേഹം തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ്’ -സോനു നിഗം പറഞ്ഞു.
റഹ്മാൻ എല്ലാവരോടും അകലം പാലിക്കുന്നുണ്ടെങ്കിലും ആരോടും മോശമായി പെരുമാറാറില്ലെന്ന് സോനു വ്യക്തമാക്കി. ‘അദ്ദേഹം തന്‍റെ ജോലിയിലും പ്രാർത്ഥനയിലും മാത്രം ശ്രദ്ധിക്കുന്നു. ആരെയും വേദനിപ്പിക്കാനോ മോശമായി സംസാരിക്കാനോ അദ്ദേഹം നിൽക്കില്ല. അദ്ദേഹം എല്ലാവരിൽ നിന്നും അകന്നു നിൽക്കുന്നു, അത് നല്ല കാര്യമാണ് സോനു നിഗം കൂട്ടിച്ചേർത്തു.
ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ കുറച്ചു കാലമായി ഹിന്ദി സിനിമയിൽ തനിക്ക് അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് റഹ്മാൻ സംസാരിച്ചിരുന്നു. സിനിമയിലെ അധികാര കേന്ദ്രങ്ങളിൽ വന്ന മാറ്റങ്ങൾ ഇതിന് കാരണമാകാം എന്നും, ഒരുപക്ഷേ ഇതിന് പിന്നിൽ വർഗീയപരമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരിട്ടല്ലെങ്കിലും ചില സംസാരങ്ങളിലൂടെ താൻ ഇത് അറിയുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. റഹ്മാന്റെ ഈ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ശോഭാ ഡെ, കങ്കണ റണാവത് തുടങ്ങിയവർ ഇതിനെതിരെ രംഗത്തെത്തി. ബോളിവുഡ് തികച്ചും മതേതരമായ ഇടമാണെന്നും റഹ്മാനെപ്പോലൊരു വ്യക്തി ഇത്തരത്തിൽ സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

