സൊനാക്ഷി സിൻഹയുടെ വിവാഹ അപ്പാർട്ട്മെന്റ് വിൽപനക്ക്?; കാരണം തേടി ആരാധകർ
text_fieldsമുംബൈ: ബോളിവുഡ് താരം സൊനാക്ഷി സിൻഹയുടെ ആഡംബര അപ്പാർട്ട്മെന്റ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച. റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിൽപനക്കായി വിഡിയോ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത് അടുത്തിടെ സൊനാക്ഷിയും നടൻ സഹീർ ഇഖ്ബാലും തമ്മിലുള്ള വിവാഹ ചടങ്ങ് നടന്ന മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റാണെന്നാണ് റിപ്പോർട്ട്.
ബാന്ദ്രയിലെ പ്രശസ്തമായ 81 ഓറിയറ്റ് ബിൽഡിങ്ങിൽ കടലിന്നഭിമുഖമായാണ് വിഡിയോയിലുള്ള അപ്പാർട്ട്മെന്റുള്ളത്. 4200 ചതുരശ്ര അടിയുള്ള അപ്പാർട്ട്മെന്റ് വീട്ടുപകരങ്ങളടക്കമാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. 25 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. പോസ്റ്റിന് സൊനാക്ഷി ലൈക്ക് ചെയ്തിട്ടുമുണ്ട്.
2023ലാണ് കെട്ടിടത്തിലെ 26ാം നിലയിൽ സൊനാക്ഷി അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. എന്നാൽ, തന്റെ അപ്പാർട്ട്മെന്റ് വിൽപനക്ക് വെച്ചെന്ന വാർത്തയോട് നടി പ്രതികരിച്ചിട്ടില്ല.
വിവരം പുറത്തുവന്നതോടെ ആരാധകർ ചോദ്യങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് വിൽക്കുന്നതെന്നാണ് പലരുടെയും ചോദ്യം. ഇത് സൊനാക്ഷിയുടെ അപ്പാർട്ട്മല്ലെന്ന അഭിപ്രായവുമായും ചിലരെത്തിയിട്ടുണ്ട്.

