ജന്മനാടായ മുതുകുളത്തെ അപമാനിച്ചു; നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം
text_fieldsജന്മനാടായ മുതുകുളത്തെക്കുറിച്ച് നടി നവ്യ നായര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശം. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വിവാദപരാമര്‍ശം. മുതുകുളം ഒരു കുഗ്രാമമാണെന്നും എവിടെ തിരിഞ്ഞാലും കുളങ്ങളും ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യ പറഞ്ഞത്. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വിഡിയോയിൽ പറയുന്നുണ്ട്. കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടിയുടെ പേജുകളിലുമാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്.
നവ്യയുടെ വാക്കുകള്‍
ഞാനൊരു ഭയങ്കര നാട്ടിന്‍പുറത്ത് നിന്നും വരുന്ന ആളാണ്, ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്ന സ്ഥലത്ത് താമസിക്കുന്നത്. അമ്മയുടെയും അച്ഛന്റെയും വീടുകള്‍ എല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റര്‍ വ്യത്യാസമേയുള്ളൂ. അവിടെ പണ്ട് ദിലീപേട്ടന്‍ വന്ന് ചോദിച്ചിട്ടുണ്ട്, ‘ഇവിടെ കരണ്ട് ഒക്കെയുണ്ടോ?’ എന്ന് ചോദിച്ചിട്ടുണ്ട്. കാരണം അത്രയും പാടങ്ങള്‍ മാത്രം, പിന്നെ കായംകുളം, മുതുകുളം, എല്ലാം കുളങ്ങളാണ്. കുറേ കുളങ്ങളുണ്ട്. ആള്‍ക്കാരുടെ അകത്തും പുറത്തും വെള്ളമാണ്.
നവ്യയുടെ ഫേസ്ബുക്ക് പേജില്‍ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. ഇന്നിന്റെ കാലത്ത് പണത്തിനും പ്രശസ്തിക്കും വേണ്ടി ജന്മനാടിനെ തള്ളിക്കളയുന്നവരോട് പുച്ഛം മാത്രം കായംകുളത്തുകാർ ആയതിൽ അഭിമാനിക്കുന്നു, ജനിച്ചു വളർന്ന നാടിനെ കുറിച്ച് എല്ലാവരും എപ്പോഴും വാനോളം പുകഴ്ത്തും.. എത്ര മഹാൻമാർ ജന്മ്മം കൊണ്ട നാട് ആണ് മുതുകുളം, വിഡ്ഢിതം വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാതെ ഇരിക്കുക...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
പത്മരാജൻ,മുതുകുളം രാഘവൻ പിള്ള, പാർവ്വതിയമ്മ... ഇന്നും ചെറുതും വലുതുമായ സാഹിത്യ സിനിമാ രംഗത്തെ ഒട്ടേറെ സെലിബ്രറ്റികൾക്ക് പിറവി നൽകിയ നാടാണ് മുതുകുളമെന്നും ചിലര്‍ നവ്യയെ ഓര്‍മപ്പെടുത്തി. വലിയ സിനിമ നടിയായപ്പോള്‍ ജനിച്ച നാടിനോട് പുച്ഛമായോ എന്നാണ് മുതുകുളത്തുകാര്‍ നടിയോട് ചോദിക്കുന്നത്. നിങ്ങളോട് പുച്ഛം മാത്രമൊള്ളുവെന്നും ഇവര്‍ പറയുന്നു.
ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില കമന്റുകളിൽ ആളുകൾ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

