'ആൺകുട്ടികളില്ലാത്തതിനാൽ വീടുവിട്ടിറങ്ങേണ്ടിവന്ന അമ്മ, ഇപ്പോഴും ഒരു രൂപ വാടക നൽകുന്നു' -സ്മൃതി ഇറാനി പറയുന്നു
text_fieldsമോഡലായി തുടങ്ങി ടെലിവിഷനിലെ മുൻനിര അഭിനേത്രികളിൽ ഒരാളായും ഒടുവിൽ കേന്ദ്രമന്ത്രിയായും മാറിയ സ്മൃതി ഇറാനിയുടെ യാത്ര ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, സ്മൃതി അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മോജോ സ്റ്റോറിയിൽ കരൺ ജോഹറുമായുള്ള സംസാരിക്കുകയായിരുന്നു അവർ. ഏത് ഗാനമാണ് നിങ്ങളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നതെന്ന് കരൺ സ്മൃതിയോട് ചോദിച്ചു. "കുച്ച് കുച്ച് ഹോത്താ ഹേയിൽ നിന്ന് അഗ്നിപഥിലേക്ക് അത് നീങ്ങും" എന്നാണ് അവർ മറുപടി നൽകിയത്. ഒരു പ്രണയഗാനത്തിൽ നിന്ന് പ്രതികാരത്തിലേക്കുള്ള മാറ്റം എന്തുകൊണ്ടാണെന്ന് കരൺ ചോദിച്ചപ്പോൾ, 'ഒരിക്കലും തുല്യ അവസരം ലഭിക്കാത്ത എല്ലാ കുട്ടികൾക്കും വേണ്ടി ഞാൻ പ്രതികാരം ചെയ്യും' എന്ന് സ്മൃതി പറഞ്ഞു.
അമ്മയുടെ ആഗ്രഹം നിറവേറ്റാൻ ശ്രമിക്കുന്ന ഒരു മകനെക്കുറിച്ചാണ് അഗ്നിപഥ് പറയുന്നത്. അമ്മക്ക് അനീതി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അയാൾ കരുതി. എന്റെ സ്വന്തം അമ്മയുടെ കാര്യത്തിൽ എനിക്ക് എപ്പോഴും അങ്ങനെ തോന്നി. എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ ഒരു മകനുണ്ടാകാത്തതിനാൽ എന്റെ അമ്മക്ക് വീട് വിട്ട് പോകേണ്ടിവന്നു. എന്റെ അമ്മയെ തിരികെ കൊണ്ടുവന്ന് ഒരു മേൽക്കൂര നൽകാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് അത് എന്റെ അഗ്നിപഥ് ആയിരുന്നു' -സ്മൃതി ഇറാനി പറഞ്ഞു.
നീലേഷ് മിശ്രയുമായുള്ള സംഭാഷണത്തിൽ, സാമ്പത്തിക പരിമിതികളുമായി വളരുന്നതിനെക്കുറിച്ച് സ്മൃതി സംസാരിച്ചിരുന്നു. അച്ഛൻ ആർമി ക്ലബ്ബിന് പുറത്ത് പുസ്തകങ്ങൾ വിൽക്കാറുണ്ടായിരുന്നെന്നും അമ്മ വ്യത്യസ്ത വീടുകളിൽ പോയി സുഗന്ധവ്യഞ്ജനങ്ങൾ വിറ്റിരുന്നതായും അവർ പറഞ്ഞു. അച്ഛൻ അധികം പഠിച്ചിരുന്നില്ല, അമ്മക്ക് ബിരുദം ഉണ്ടായിരുന്നു. അവർ വിവാഹിതരായപ്പോൾ, കൈവശം 150 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടക്കത്തിൽ അവർ ഒരു പശുത്തൊഴുത്തിന് മുകളിലുള്ള മുറിയിലായിരുന്നു താമസിച്ചിരുന്നതെന്ന് സ്മൃതി വ്യക്തമാക്കി.
സാമ്പത്തിക പരിമിതികളെയും സാമൂഹിക സംഘർഷങ്ങളെയും അതിജീവിക്കാൻ വളരെ കുറച്ച് ദമ്പതികൾക്ക് മാത്രമേ കഴിയൂ എന്നും മാതാപിതാക്കളുടെ വേർപിരിയൽ വർഷങ്ങളോളം അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും സ്മൃതി വ്യക്തമാക്കി. അമ്മക്കായി താൻ വീട് വാങ്ങിയതിനെക്കുറിച്ചും അവർ ഓർത്തു. വീട് വാങ്ങി നൽകിയിട്ടും പക്ഷേ ഇപ്പോഴും അമ്മ വാടക നൽകുന്നതായും സ്മൃതി വെളിപ്പെടുത്തി. ആത്മാഭിമാനത്തിന് കേടുപറ്റാതിരിക്കാൻ അമ്മ തനിക്ക് ഒരു രൂപ വാടക നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

