Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞങ്ങൾ അങ്ങയെ എന്നും മിസ് ചെയ്യുന്നു, ഡാഡി...’; സൈനുദ്ദീന്‍റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പുമായി മകൻ സിനിൽ

text_fields
bookmark_border
Zainuddin
cancel
camera_alt

സൈനുദ്ദീനും മകനും 

മലയാള സിനിമയിൽ ചിരിയുടെ ഒരു കാലഘട്ടം തന്നെ സൃഷ്ടിച്ച നടനാണ് എ.സി സൈനുദ്ദീൻ. മിമിക്രി വേദികളിൽ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ അദ്ദേഹം, തന്റെ ശബ്ദം കൊണ്ടും ഭാവം കൊണ്ടും ഡയലോഗ് അവതരണത്തിലെ പ്രത്യേക ശൈലി കൊണ്ടും മലയാളികളുടെ മനസ്സിൽ സ്വന്തമായൊരു ഇടം നേടി.

‘നിങ്ങൾ തെറ്റായ നമ്പർ ഡയൽ ചെയ്യുകയാണ്’ പോലുള്ള ഡയലോഗുകൾ ഇന്നും സിനിമാ പ്രേമികൾ ഏറ്റുപറയുന്നത് അതുകൊണ്ടാണ്. ചിരിയുടെ മാലപ്പടക്കം തീർത്ത ആ മഹാനടൻ മലയാള സിനിമയോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 27 വർഷം തികയുകയാണ്. വിടപറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഡയലോഗുകളും ഇന്നും ഓരോ മലയാളിയുടെയും മനസ്സിൽ മായാതെ നിൽക്കുന്നു.

ഇപ്പോഴിതാ അച്ഛന്‍റെ ഓർമദിനത്തിൽ മകൻ സിനിൽ സൈനുദ്ദീൻ വൈകാരിക കുറിപ്പ് ​പങ്കുവെച്ചിരിക്കുകയാണ്. ‘പ്രിയപ്പെട്ട അച്ഛന്റെ സ്നേഹസ്മരണയിൽ 27-ാം ചരമവാർഷികം കാഴ്ചയിൽ നിന്ന് മറഞ്ഞെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങ് എന്നും ജീവിക്കും. ഞങ്ങൾ അങ്ങയെ എന്നും മിസ് ചെയ്യുന്നു, ഡാഡി... എപ്പോഴും’. എന്നാണ് മകൻ സിനിൽ സൈനുദ്ദീൻ കുറിച്ചത്.

1956 മെയ് 12ന് എറണാകുളം ജില്ലയിലാണ് സൈനുദ്ദീൻ ജനിച്ചത്. ചെറുപ്പം മുതൽ കലയോടുണ്ടായിരുന്ന അഭിനിവേശമാണ് അദ്ദേഹത്തെ കൊച്ചിൻ കലാഭവനിൽ എത്തിച്ചത്. മിമിക്സ് വേദികളിൽ നടൻ മധുവിന്റെ 'പരീക്കുട്ടി' എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ച് കയ്യടി നേടിയതോടെ സൈനുദ്ദീൻ ശ്രദ്ധിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ കലാജീവിതത്തിലെ മാസ്റ്റർപീസ് ആയി മാറിയതും ഈ അവതരണം തന്നെയായിരുന്നു. ആദ്യത്തെ ത്രിമാന ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെയാണ് സൈനുദ്ദീൻ കാമറക്ക് മുന്നിലെത്തുന്നത്. ഒരു ചെറിയ വേഷമായിരുന്നു അതെങ്കിലും, പിന്നീട് മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറി.

പി.എ ബക്കറിന്റെ 'ചാപ്പ' എന്ന സിനിമയിലൂടെയാണ് സൈനുദ്ദീൻ ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം മാറി. 'സയാമീസ് ഇരട്ടകൾ', 'മിമിക്സ് പരേഡ്', 'ഹിറ്റ്ലർ', 'കാബൂളിവാല', 'കാസർഗോഡ് കാദർഭായി', 'ആലഞ്ചേരി തമ്പ്രാക്കൾ', 'എഴുന്നള്ളത്ത്', 'മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത' തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിൽ തന്റെ സാന്നിധ്യം കൊണ്ട് അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചു. ഏകദേശം 150 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സൈനുദ്ദീൻ അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങളും ജനഹൃദയങ്ങളിൽ ഇടം നേടിയവയായിരുന്നു. കോമഡിയായാലും സ്വഭാവ കഥാപാത്രമായാലും അദ്ദേഹം അതെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ കഴിവിനൊത്ത പരിഗണന സിനിമയിൽ നിന്ന് ലഭിച്ചോ എന്നത് ഇന്നും ഒരു സംശയമായി അവശേഷിക്കുന്നു.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സൈനുദ്ദീൻ, 1999 നവംബർ 4ന് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്ക് ഇന്നും തീരാനഷ്ടം തന്നെയായിരുന്നു. 'പഞ്ചപാണ്ഡവർ' ആയിരുന്നു സൈനുദ്ദീൻ അവസാനമായി അഭിനയിച്ച ചിത്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sinil Remembers Father Sainuddin Forever
Next Story