ഓരോ സെക്കൻഡിലും കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചുകൊണ്ടിരിക്കുന്നു; ഈ അതിക്രമത്തിൽ എങ്ങനെ നിശ്ശബ്ദരായിരിക്കും -ഫലസ്തീനികൾക്ക് പിന്തുണയുമായി ഗായിക മഞ്ജരി
text_fieldsഗസ്സയിൽ അടിയന്തര വെടിനിർത്തലിനായി അനിവാര്യ ഇടപെടൽ വേണമെന്ന് ഗായിക മഞ്ജരി. കുഞ്ഞുങ്ങളും സ്ത്രീകളും പുരുഷൻമാരുമടക്കമുള്ളവർ ഓരോ മിനിറ്റിലും മരിച്ചുകൊണ്ടിരിക്കുമ്പോൾ ആളുകൾക്ക് നിശ്ശബ്ദരായിരിക്കാൻ എങ്ങനെ സാധിക്കുമെന്നും മഞ്ജരി ചോദിച്ചു. ഇൻസ്റ്റഗ്രാമിലാണ് മലയാളത്തിന്റെ പ്രിയ ഗായിക ഗസ്സയിലെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായെത്തിയത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞുങ്ങളുടെ അടക്കമുള്ള ചിത്രങ്ങളും മഞ്ജരി പങ്കുവെച്ചിട്ടുണ്ട്. ഈ കൂട്ടക്കൊല അവസാനിപ്പിക്കൂ, ഈ നിരപരാധികളുടെ ചിത്രങ്ങൾ നിങ്ങളിലേക്ക് എത്തുന്നില്ലേ എന്നും ഗായിക ചോദിക്കുന്നുണ്ട്.
നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഗസ്സയിലെ ഫലസ്തീനികൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്നാണ് ഒരാൾ കുറിച്ചത്. പലരും നിശ്ശബ്ദത പാലിക്കുന്ന വിഷയത്തിൽ പ്രതികരിക്കാൻ ധൈര്യം കാണിച്ചതിന് ഗായികയെ അഭിനന്ദിച്ചവരുമുണ്ട്. അതോടൊപ്പം ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയപ്പോൾ എവിടെയായിരുന്നു എന്ന് ചോദിക്കുന്നവരും കൂട്ടത്തിലുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം:
''സ്ത്രീകളും പുരുഷൻമാരും കുഞ്ഞുങ്ങളും മരിച്ചുകൊണ്ടിരിക്കുന്ന വിഡിയോകളാണ് ഞാൻ കണ്ടുകൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും, ഓരോ മിനിറ്റിലും ഓരോ സെക്കൻഡിലും... കണ്ണുതുറന്ന് വെടിനിർത്തലിന് മുറവിളി കൂട്ടുന്നതിന് മുമ്പ് ഇനിയും എത്രയെത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുത്തേണ്ടത്? നമ്മുടെ പ്രദേശത്ത് ഇത് സംഭവിക്കുകയാണെങ്കിൽ നമ്മൾ മിണ്ടാതിരിക്കുമോ?
ഇത് ഒരു മതത്തെയോ രാജ്യത്തെയോ കുറിച്ചുള്ളതല്ല. ഇതാണ് മനുഷ്യത്വം. കുട്ടികളുടെ കൂട്ടക്കുഴിമാടങ്ങളിൽ നിങ്ങൾക്ക് ഒന്നും പണിയാൻ കഴിയില്ല. നിരപരാധികളായ ഒരു തലമുറയെ മൊത്തം തുടച്ചു നീക്കുകയാണ്. ഇത് അനിവാര്യമായും നിർത്തേണ്ടതാണ്.ഇപ്പോൾ തന്നെ.''-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

