'സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ നിന്നും വിട്ടുനിൽക്കൂ'; മുരളി കൃഷ്ണയുടെ മരണത്തിന് പിന്നാലെ ജാനകിയുടെ കുടുംബം
text_fieldsഗായിക ജാനകിയുടെ മകൻ മുരളി കൃഷ്ണയുടെ മരണത്തെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രസ്താവന പുറത്തിറക്കി കുടുംബം. ജനുവരി 22ന് ഹൃദയാഘാതത്തെ തുടർന്നാണ് മുരളി കൃഷ്ണ അന്തരിച്ചത്. ജാനകിയുടെ ചെറുമകളും മുരളി കൃഷ്ണയുടെ മകളുമായ അപ്സര വൈദ്യുലയാണ് പ്രസ്താവന പുറത്തിറക്കിയത്.
'2026 ജനുവരി 22 ന് പുലർച്ചെ 12:55 ന് മൈസൂരുവിൽ വെച്ച് ദീർഘനാളത്തെ അസുഖത്തിന് ചികിത്സയിലായിരുന്ന എന്റെ അച്ഛൻ ശ്രീ വൈദ്യുല മുരളി കൃഷ്ണയുടെ വിയോഗ വാർത്ത അപ്സര വൈദ്യുല എന്ന ഞാൻ, അഗാധമായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു' -എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. ജാനകിയുടെ നിരന്തരമായ ശക്തിയും പിന്തുണയുമായിരുന്നു മുരളീ കൃഷ്ണനെന്ന് അപ്സര പറഞ്ഞു.
കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും നടുവിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളെന്നും നികത്താനാവാത്ത നഷ്ടത്തിൽ ദുഃഖിക്കുന്നവരുടെ സ്വകാര്യതയും മനസ്സിലാക്കണമെന്ന് അഭ്യർഥിക്കുന്നു എന്നും പ്രസ്താവനയിൽ പറഞ്ഞു. തന്റെ മകന്റെ വിയോഗത്തിൽ ദുഃഖിക്കുമ്പോഴും എസ്. ജാനകി ആരോഗ്യവതിയാണെന്നും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അവരെ പിന്തുണക്കുന്നുണ്ടെന്നും അപ്‌സര എഴുതി.
'ഞങ്ങളുടെ അടുത്ത കുടുംബത്തിന് പുറത്തുള്ള വ്യക്തികൾ പ്രചരിപ്പിക്കുന്ന ചില കിംവദന്തികളെയും വസ്തുതാവിരുദ്ധമായ വിവരങ്ങളെയും കുറിച്ച് അറിഞ്ഞിട്ടുണ്ട്. അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, കൂടാതെ ഊഹാപോഹങ്ങളിൽ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ നിന്നും വിട്ടുനിൽക്കാൻ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിക്കുന്നു' -എന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

