നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു
text_fieldsനടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (68) അന്തരിച്ചു. 1970കളിലെ ഇന്ത്യൻ സിനിമകളിലെ അഭിനയത്തിലൂടെയും ഗായിക എന്ന നിലയിലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു സുലക്ഷണ പണ്ഡിറ്റ്. കുറച്ചുകാലമായി അസുഖബാധിതയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. സംഗീതസംവിധായകരായ ജതിൻ-ലളിത്, നടി വിജയത പണ്ഡിറ്റ് എന്നിവർ സഹോദരങ്ങളാണ്.
ലളിത് പണ്ഡിറ്റ് അവരുടെ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നാനാവതി ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണമെന്ന് അദ്ദേഹം പങ്കുവെച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നും സംസ്കാരകർമങ്ങൾ നവംബർ ഏഴിന് ഉച്ചക്ക് നടക്കുമെന്നും ലളിത് പറഞ്ഞു. സുലക്ഷണ പണ്ഡിറ്റിന്‍റെ മരണത്തിൽ ആരാധകരും സിനിമ ലോകവും അനുശോചനം രേഖപ്പെടുത്തി.
1975ൽ സസ്‌പെൻസ് ത്രില്ലറായ 'ഉൽജാൻ' എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും നിരവധി ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെട്ട അവർ പ്രമുഖ നായികയായി മാറി. 'സങ്കോജ്', 'ഹേരാ ഫേരി', 'അപ്നാപൻ', 'ഖണ്ഡാൻ', 'ചെഹ്രെ പെ ചെഹ്ര', 'ധരം കാന്ത', 'വഖ്ത് കി ദീവാർ' തുടങ്ങിയ സിനിമകളിലെ അവരുടെ പ്രകടനം ശ്രദ്ധേയമാണ്.
ആ കാലഘട്ടത്തിലെ മുൻനിര നടന്മാരോടൊപ്പം അവർ പ്രവർത്തിച്ചു. ജിതേന്ദ്ര, രാജേഷ് ഖന്ന, വിനോദ് ഖന്ന, ശശി കപൂർ, ശത്രുഘ്നൻ സിൻഹ എന്നിവർ അതിൽ ഉൾപ്പെടുന്നു. 1967 ൽ 'തക്ദീർ' എന്ന ചിത്രത്തിലെ 'സാത്ത് സമുന്ദർ പാർ സേ' എന്ന ഗാനത്തിലൂടെ ലത മങ്കേഷ്‌കറിനൊപ്പം ഒരു ബാലഗായികയായിട്ടാണ് അരങ്ങേറ്റം. കിഷോർ കുമാർ, ഹേമന്ത് കുമാർ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം അവർ ഗാനങ്ങൾ ആലപിച്ചു.
ഹിന്ദി, ബംഗാളി, മറാത്തി, ഒറിയ, ഗുജറാത്തി എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ അവർ പാടി. 1980 ൽ 'ജസ്ബാത്ത്' എന്ന പേരിൽ ഒരു ആൽബം പുറത്തിറക്കിയ അവർ ഗസൽ ഗായികയായും അറിയപ്പെട്ടു. 'ഖാമോഷി ദി മ്യൂസിക്കൽ' (1996) എന്ന ചിത്രത്തിലെ 'സാഗർ കിനാരെ ഭി ദോ ദിൽ' എന്ന ഗാനമാണ് അവസാനമായി പാടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

