
'എന്തിനിത്ര നേരത്തെ പോയി'? സിദ്ധാർഥ് ശുക്ലയുടെ വിയോഗം വിശ്വസിക്കാനാവാതെ ബോളിവുഡ്
text_fieldsമുംബൈ: അഭിനയ ലോകത്ത് പതിയെ തുടങ്ങി സൂപർ താര പദവിയിലേക്ക് ചുവടുവെക്കുന്ന സുവർണ നാളുകളുടെ സന്തോഷത്തിൽ നിൽക്കെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തൊരു നാളിൽ അവൻ മടങ്ങുേമ്പാൾ വിശ്വസിക്കാനാവാതെ ബോളിവുഡും ആരാധകരും. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അവസാന ശ്വാസവും നിലച്ച് സിദ്ധാർഥിന്‍റെ ചേതനയറ്റ ശരീരം മുംബൈ കൂപർ ആശുപത്രിയിൽ എത്തുന്നത്. മരണം സ്ഥിരീകരിച്ചതോടെ വിവരം അതിവേഗം ലോകമറിഞ്ഞു.
എങ്ങനെ വിശ്വസിക്കുമെന്നറിയാതെ ഉറ്റവരും സൗഹൃദ ലോകവും വിതുമ്പി. കരിയറിലെ ഏറ്റവും തിളക്കമുള്ള നാളുകളിലായിരുന്നു സിദ്ധാർഥ്. ടെലിവിഷനിൽ തുടങ്ങി ബോളിവുഡിലെത്തിയ താരം ഒന്നിലേറെ മുൻവർഷങ്ങളിൽ റിയാലിറ്റി ഷോകളിലെ ജേതാവായിരുന്നു.
മോഡലിങ്ങിൽ തുടങ്ങി പ്രശസ്തിയുടെ വലിയ ലോകത്തേക്ക് ആദ്യ ചുവടുവെച്ച താരം 'ബാബുൽ ക ആംഘേൻ ഛോേട്ട നാ' എന്ന ടി.വി ഷോയിൽ നായക വേഷത്തിലാണ് അഭിനയം തുടങ്ങുന്നത്. പരമ്പര ഹിറ്റായതോടെ നിരവധി ഷോകളിൽ നായക വേഷം സിദ്ധാർഥിനെ തേടിയെത്തി. 2014ൽ കരൺ ജോഹറിന്‍റെ 'ഹംപ്റ്റി ശർമ കി ദുൽഹനിയ'യിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
ബിഗ് ബോസ് സീസൺ 13ൽ പങ്കെടുത്ത് ഒന്നാമതെത്തിയതോടെ സമൂഹ മാധ്യമങ്ങളിൽ ആരാധക ബാഹുല്യം കൊണ്ടു പൊറുതിമുട്ടി. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ സിദ്ധാർഥ് ചെയ്ത എന്തും വാർത്തയായി. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും താരത്തിന്‍റെ പോസ്റ്റുകൾക്ക് ലൈക് നൽകാനും പ്രതികരിക്കാനും ലക്ഷങ്ങൾ മത്സരിച്ചു. ബോളിവുഡിൽ വലിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
ആരോഗ്യ പ്രശ്നങ്ങളില്ലാതിരുന്നിട്ടും എന്തു സംഭവിച്ചുവെന്ന ആധി പങ്കുവെക്കുന്നതാണ് സഹതാരങ്ങളുടെയും ആരാധകരുടെയും പ്രതികരണങ്ങൾ.
അജയ് ദേവ്ഗൻ, ജാക്വലിൻ ഫെർണാണ്ടസ്, ഹിമാൻഷി ഖുരാന, മനോജ് വാജ്പെയ്, അക്ഷയ് കുമാർ, കപിൽ ശർമ, മാധുരി ദീക്ഷിത്, ബിപാഷ ബസു, മാധവൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു.