തിയറ്ററിൽ വിജയിച്ചില്ല, പിന്നാലെ ട്രോളുകൾ; ഒടുവിൽ പ്രതിഫലം തിരിച്ച് നൽകി തെലുങ്ക് താരം
text_fieldsടില്ലു, ടില്ലു സ്ക്വയർ തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് ആരാധകരുടെ മനംകവർന്ന നടനാണ് സിദ്ധു ജൊന്നലഗദ്ദ. താരത്തിന്‍റെ സിനിമകളെല്ലാം സൂപ്പർ ഹിറ്റാണ്. ഇതിൽ 100 കോടി സിനിമകളും ഉൾപ്പെടും. എന്നാൽ സിദ്ധുവിന്റെ അവസാന റിലീസായ 'ജാക്ക്' എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു നേരിട്ടത്. വിമർശനങ്ങളും ട്രോളുകളും സിനിമ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെത്തുടർന്ന് നടൻ സിദ്ധു പ്രതിഫല തുക തിരിച്ച് നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഭാസ്കർ സംവിധാനം ചെയ്ത ജാക്ക് ആക്ഷൻ കോമഡി ചിത്രമായിട്ടാണ് ഇറങ്ങിയത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് നടൻ പ്രതിഫല തുക തിരിച്ചുനൽകിയത്. ചിത്രത്തിനായി വാങ്ങിയ പ്രതിഫലത്തിന്റെ പകുതിയാണ് സിദ്ധു നിർമാതാവായ ബി.വി.എസ്.എൻ പ്രസാദിന് തിരിച്ചുനൽകിയത്. 4.75 കോടി നടൻ മടക്കി നൽകിയതായി നിർമാതാവിന്റെ ടീം എക്സിലൂടെ അറിയിച്ചു.
ഏപ്രിൽ 10 ന് ഇറങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 8.29 കോടി മാത്രമാണ്. ഇതിൽ 7.91 കോടി ഇന്ത്യയിൽ നിന്നും 0.38 കോടി വിദേശ മാർക്കറ്റുകളിൽ നിന്നുമാണ്. വൈഷ്ണവി ചൈതന്യ, രാഹുൽ ദേവ്, പ്രകാശ് രാജ്, നരേഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാണ്. എന്നാൽ ഒ.ടി.ടി.യിലും സിനിമക്ക് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

