ഗിഫോണി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ ജൂറി ചെയർമാനായി കേരളത്തിൽ നിന്നുള്ള 14കാരൻ
text_fieldsഇറ്റലിയിൽ നടക്കുന്ന 55ാമത് ഗിഫോണി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ ജൂറി ചെയർമാനായി മലയാളിയായ 14 കാരനായ സിദ്ധാൻഷു സഞ്ജീവ് ശിവൻ. ജൂലൈ 18 മുതൽ 28 വരെ നടക്കുന്ന ഈ മേള ലോകത്തിലെ തന്നെ കുട്ടികളുടെ ചലച്ചിത്ര മേളകളിൽ ഒന്നാം സ്ഥാനത്താണ് കണക്കാക്കപ്പെടുന്നത്.
ചലച്ചിത്ര സംവിധായകൻ സഞ്ജീവ് ശിവന്‍റെയും സംവിധായിക ദീപ്തി പിള്ള ശിവന്‍റെയും മകനായ സിദ്ധാൻഷു തിരുവനന്തപുരത്തെ ലയോള സ്കൂളിലെ വിദ്യാർഥിയാണ്. സിദ്ധാൻഷുവിന്റെ മുത്തച്ഛൻ ശിവൻ ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര സംവിധായകനും ഫോട്ടോഗ്രാഫറുമായിരുന്നു. പിതൃസഹോദരൻ സന്തോഷ് ശിവൻ ഇന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകനാണ്. പിതാവിന്റെ മറ്റൊരു സഹോദരൻ സംഗീത് ശിവൻ മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രം ‘യോദ്ധ’യുടെ സംവിധായകനായിരുന്നു.
സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രത്തിലൂടെയാണ് സിദ്ധാൻഷു അഭിനയരംഗത്തേക്ക് എത്തിയത്. ബോട്ടപകടത്തിൽ കാണാതായ പിതാവിനെ അന്വേഷിക്കുന്ന പന്ത്രണ്ടുകാരൻ പാക്കരനെന്ന കേന്ദ്ര കഥാപാത്രത്തെയാണ് വെള്ളിത്തിരയിൽ സിദ്ധാൻഷു പകർത്തിയത്. അമ്മ ദീപ്തി പിള്ള ശിവനാണ് ചിത്രത്തിന്റെ നിർമാണം. സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചു പ്രേമൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ ദീപ്തി സംവിധാനം ചെയ്ത് നാഷനൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമിച്ച 'അച്ചപ്പാസ് ആൽബം' (ഗ്രാൻപാസ് ആൽബം) എന്ന കുട്ടികളുടെ ടൈം-ട്രാവൽ സിനിമയിൽ സിദ്ധാൻഷു ഇരട്ട വേഷം ചെയ്തിരുന്നു. 2025 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ബെർലിനേൽ) യൂറോപ്യൻ ഫിലിം മാർക്കറ്റിൽ ചിത്രത്തിന് പ്രത്യേക പ്രദർശനം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

