‘ഞങ്ങളെ എ.എം.എം.എ എന്ന് വിളിക്കരുതേ! അമ്മ എന്ന് തന്നെ വിളിക്കണേ’; കുറ്റക്കാരെന്ന് തെളിയിക്കപ്പെടുന്നതുവരെ ആരും ശിക്ഷിക്കപ്പെടരുതെന്നും എ.എം.എം.എ പ്രസിഡന്‍റ് ശ്വേത മേനോൻ
text_fieldsശ്വേത മേനോൻ
അംഗങ്ങൾക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ കാരണം പ്രതിസന്ധിയിലായിരുന്നു മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. ആരോപണങ്ങൾ ഉയർന്നതോടെ അന്നത്തെ ഭരണസമിതി പിരിച്ചു വിടുകയും പിന്നീട് ശ്വേത മേനോൻ പ്രസിഡന്റായ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. സംഘടനയുടെ ആദ്യ വനിത പ്രസിഡന്റാണ് ശ്വേത. എ.എം.എം.എയെക്കുറിച്ചും തെരഞ്ഞടുപ്പിനെക്കുറിച്ചും ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടി.
‘വളരെ ആലോചിച്ചതിന് ശേഷമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ഏറ്റവും അവസാനമായി നാമനിർദേശം സമർപ്പിച്ചത് താനായിരുന്നു. നാമനിർദേശം നൽകുന്നതുവരെ ഒരു എതിർപ്പും ഉണ്ടായിരുന്നില്ലെന്നും എന്നാൽ അതിനുശേഷം നിരവധി കാര്യങ്ങൾ സംഭവിച്ചെന്നും അവർ പറഞ്ഞു. അത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. പലരുടെയും യഥാർഥ നിറം തെരഞ്ഞെടുപ്പ് കാരണം മനസിലാക്കൻ കഴിഞ്ഞെന്നും അവർ പറഞ്ഞു.
ലിംഗസമത്വം എന്നത് തനിക്ക് വളരെ സ്വാഭാവികമായ കാര്യമാണ്. എന്ത് ചെയ്താലും പുരുഷന്മാരും സ്ത്രീകളും ഒരേ തലത്തിലായിരിക്കണമെന്ന പാഠം ഉൾക്കൊള്ളുന്നു. ലിംഗസമത്വം എന്നത് സ്ത്രീപുരുഷന്മാരെ തുല്യമായി കാണുന്നതിനെക്കുറിച്ചാണോ എന്ന ചോദ്യത്തിന് ലിംഗസമത്വം ജൈവികമായിരിക്കണമെന്നും പരസ്പരം ബഹുമാനിക്കുകയും കേൾക്കുകയും ചെയ്യുന്നത് ലിംഗസമത്വമാണെന്നും ശ്വേത അഭിപ്രായപ്പെട്ടു. കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ, ആരും ശിക്ഷിക്കപ്പെടരുത് എന്നതാണ് തന്റെ കാഴ്ചപ്പാട്. അതാണ് സംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പൊതുജനത്തോട് പറയാനുള്ളതെന്നും അവർ പറഞ്ഞു.
സംഘടനയെ എ.എം.എം.എ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും അമ്മ എന്ന് തന്നെ വിളിക്കണമെന്നും ശ്വേത അഭ്യർഥിച്ചു. ഹേമ കമ്മിറ്റി അമ്മയെ ശക്തമായി വിമർശിച്ചിട്ടുണ്ടെന്ന വാദത്തെ ശ്വേത എതിർത്തു. ഹേമ കമ്മിറ്റി അമ്മയെ വിമർശിച്ചതായി കരുതുന്നില്ലെന്നും സ്ത്രീകൾ നേരിടുന്ന പല കാര്യങ്ങളെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റണമെന്ന് കമ്മിറ്റി പറഞ്ഞതായും അവർ അവകാശപ്പെട്ടു. അതിനോട് പൂർണമായും യോജിക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ച് നിന്നാൽ വ്യവസ്ഥിതിയെ മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും നടി പറഞ്ഞു. ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള ഒരു യുദ്ധത്തിലേക്ക് പ്രശ്നങ്ങളെ മാറ്റരുതെന്നും അവർ തെറ്റാണെന്നും അമ്മ ശരിയാണെന്നും കരുതുന്നില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

