'അക്രമങ്ങളല്ല, കശ്മീരിന്റെ സൗന്ദര്യവും സമാധാനവുമാണ് സിനിമകളിൽ വരേണ്ടത്'; സംവിധായകരോട് എ.ആർ. റഹ്‌മാൻ
text_fieldsജമ്മു കശ്മീരിന്റെ പ്രകൃതിസൗന്ദര്യവും സമാധാന അന്തരീക്ഷവുമാണ് സിനിമകളിലൂടെ ലോകത്തിന് മുന്നിൽ കാട്ടേണ്ടതെന്ന് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ. ഹിംസയുടെ ഭൂതകാലം മാറ്റിവെച്ച് സിനിമാപ്രവർത്തകർ ഈ അനുഗ്രഹീത ഭൂമിയുടെ യഥാർഥ മുഖം വെള്ളിത്തിരയിലെത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ പ്രശംസിച്ച റഹ്മാൻ, താഴ്‌വരയുടെ സംസ്കാരവും ആതിഥ്യമര്യാദയും ആഗോളതലത്തിൽ പ്രദർശിപ്പിക്കാൻ ഇതിലൂടെ സാധിക്കട്ടെയെന്ന് ആശംസിച്ചു. ഈ ഫെസ്റ്റിവൽ ലോകശ്രദ്ധ ആകർഷിക്കുന്ന ഒന്നായി മാറുമെന്നും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് അദ്ദേഹം കശ്മീരിലെത്തിയത്.
ബോളിവുഡ് സംഗീതജ്ഞരും കശ്മീരിലെ തദ്ദേശീയരായ കലാകാരന്മാരും തമ്മിൽ കൂടുതൽ സഹകരണമുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് 'റോക്ക്സ്റ്റാർ' എന്ന ചിത്രത്തിന് വേണ്ടി കശ്മീരി സ്ത്രീകളുടെ നാടൻ പാട്ടുകൾ താൻ റെക്കോർഡ് ചെയ്തിരുന്ന കാര്യം അദ്ദേഹം ഓർത്തെടുത്തു. പരമ്പരാഗത സംഗീതത്തിനും നാടൻ പാട്ടുകൾക്കും വലിയ സാധ്യതകളുള്ള കശ്മീരിൽ ഇത്തരം സംഗീത പരീക്ഷണങ്ങൾ ഇനിയും നടത്താൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരുമായുള്ള തന്റെ ബന്ധം വരും നാളുകളിലും തുടരുമെന്ന സൂചനയും റഹ്മാൻ നൽകി. ഭാവിയിൽ താഴ്‌വരയിൽ ഒരു ലൈവ് മ്യൂസിക് കോൺസെർട്ട് നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ അത്തരമൊരു പരിപാടിക്കായി താൻ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

