സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവെപ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം -VIDEO
text_fields1. ലോറൻസ് ബിഷ്ണോയി 2. രോഹിത് ഷെട്ടി
മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്കുനേരെ വെടിവെപ്പ്. ഇന്ന് പുലർച്ചെ 12.45-ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമി വസതിക്ക് പുറത്ത് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെടിവെപ്പിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ ഭീഷണി സന്ദേശം പങ്കുവെച്ചത്.
'ഇതൊരു ചെറിയ ട്രെയിലർ മാത്രമാണ്. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും രോഹിത് ഷെട്ടി അനുസരിച്ചില്ല. ഇനി അനുസരിച്ചില്ലെങ്കിൽ വെടിയുണ്ടകൾ വീടിന് പുറത്തല്ല, നെഞ്ചിലായിരിക്കും. ബാബ സിദ്ധിഖിയേക്കാൾ മോശമായ അവസ്ഥയായിരിക്കും നിങ്ങൾക്ക്' എന്നാണ് ബിഷ്ണോയി സംഘത്തിന്റെ കുറിപ്പിൽ പറയുന്നത്.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്ക് ദൂരെ പാർക്ക് ചെയ്ത ശേഷം നടന്നെത്തിയ അക്രമി വസതിയുടെ ഒന്നാം നിലയിലുള്ള പേഴ്സണൽ ജിമ്മിന് നേരെ വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിയൊച്ച കേട്ട ഉടൻ സെക്യൂരിറ്റി ഗാർഡ് സംവിധായകനെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൂനെയിൽ നിന്ന് അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശികളായ അമൻ ആനന്ദ് മരോട്ടെ (27), ആദിത്യ ജ്ഞാനേശ്വർ ഗായകി (19), സിദ്ധാർത്ഥ് ദീപക് എൻപുരെ (20), സമർത്ഥ് ശിവശരൺ പോമാജി (18), സ്വപ്നിൽ ബന്ദു സകത് (23) എന്നിവരാണ് പിടിയിലായത്. ഇവർ ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.
മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി വെടിയുണ്ടയുടെ അവശിഷ്ടങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. രോഹിത് ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വസതിക്കും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

