'ദുഃഖം വ്യക്തിപരമാണ്... അതുകൊണ്ട് പരസ്യമായി പങ്കുവെക്കാൻ കുറച്ച് സമയമെടുത്തു'; ശ്രീനിവാസന്‍റെയും മോഹൻലാലിന്‍റെ അമ്മയുടെയും വിയോഗത്തിൽ അനുശോചനമറിയിച്ച് ശോഭന
text_fieldsനടൻ ശ്രീനിവാസന്‍റെയും മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയുടെയും മരണത്തിൽ അനുശോചനം അറിയിച്ച് നടി ശോഭന. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം അനുശോചനക്കുറിപ്പ് പങ്കുവെച്ചത്. ശ്രീനിവാസനൊപ്പമുള്ള തന്‍റെ ചിത്രവും മോഹൻലാലും അമ്മയുമായുള്ള ചിത്രവും ശോഭന പങ്കുവെച്ചു.
'എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ ശ്രീ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. ദുഃഖം എന്നത് ഓരോരുത്തർക്കും വളരെ വ്യക്തിപരമായ ഒന്നാണ്, അതുകൊണ്ട് തന്നെ ഇത് പരസ്യമായി പങ്കുവെക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സിനിമ മേഖലക്കും ബഹുമുഖ പ്രതിഭയായ ഒരു കലാകാരനെയും വളരെ മധുരമുള്ള വ്യക്തിയെയും നഷ്ടപ്പെട്ടുവെന്ന് ഞാൻ മനസ്സിലാക്കുന്നു!
ശ്രീനിവാസൻ ചേട്ടാ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... നിങ്ങളുടെ സിനിമകളും പൈതൃകവും നിലനിൽക്കട്ടെ. അതുപോലെ പ്രിയപ്പെട്ട അമ്മ ശ്രീമതിയുടെ വിയോഗത്തിൽ ശ്രീ മോഹൻലാലിനും കുടുംബത്തിനും അനുശോചനം അറിയിക്കാൻ ഈ അവസരം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' -ശോഭന കുറിച്ചു.
ഡിസംബർ 20നാണ് ശ്രീനിവാസൻ അന്തരിച്ചത്. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.
അതേസമയം, ഡിസംബർ 30നാണ് മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിന്റെ അമ്മ. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ മറ്റൊരു മകനാണ്. തിരുവനന്തപുരത്തെ തറവാട്ടു വീട്ടിലാണ് സംസ്കാരം. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും ഇവിടെയാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ന് (ഡിസംബർ 31) വൈകീട്ട് നാല് മണിക്കാണ് സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

