'ഈ സമയം ഞങ്ങളെ ഭയപ്പെടുത്തുന്നു, റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്' -ദീപിക കക്കറിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഷോയിബ് ഇബ്രാഹിം
text_fieldsഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും ആരാധകരുള്ള ദമ്പതികളാണ് ദീപിക കക്കറും ഷോയിബ് ഇബ്രാഹിമും. ദീപികയുടെ കാൻസർ രോഗനിർണയത്തിനും തുടർന്നുള്ള ചികിത്സക്കും ഇടയിലുള്ള സമയത്തിലൂടെയാണ് ഇവർ കടന്നുപോകുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നതിൽ നിന്ന് ഇതുവരെ ഒന്നിനും അവരെ തടയാനായിട്ടില്ല. തങ്ങളുടെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ ഇരുവരും മുടങ്ങാതെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കിടാറുണ്ട്.
ദീപികയുടെ ആരോഗ്യത്തെക്കുറിച്ചും ചികിത്സയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുമുള്ള അപ്‌ഡേറ്റ് അടുത്തിടെ ഷോയിബ് പങ്കുവെച്ചു. അവരുടെ ഏറ്റവും പുതിയ രക്തപരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് നടൻ അറിയിച്ചു. സോഷ്യൽ മീഡിയയിലെ ആസ്ക് മി എനിതിങ് (എ.എം.എ) സെഷനിൽ, ഒരു ആരാധകൻ ദീപികയുടെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഷോയിബ് മറുപടി പറഞ്ഞത്. 'ഇന്നലെയാണ് ഞങ്ങൾ രക്തസാമ്പിളുകൾ നൽകാൻ ആശുപത്രിയിൽ പോയത്. റിപ്പോർട്ടുകൾ നാളെ വരും' -അദ്ദേഹം പറഞ്ഞു.
അത്തരം സമയങ്ങളിൽ അവർ നേരിടുന്ന സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ, കാറിൽ തന്റെ അരികിൽ ഇരുന്നിരുന്ന ദീപികയുടെ നേരെ ഷോയിബ് കാമറ തിരിച്ചു. 'ഈ സമയം ഞങ്ങളെ ഭയപ്പെടുത്തുന്നു. ദൈവകൃപയാൽ എല്ലാം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്ന് പറഞ്ഞു. റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ അപ്‌ഡേറ്റ് പങ്കിടാമെന്ന് ഷോയിബ് ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഈ വർഷം ഏപ്രിലിലാണ് ദീപിക കക്കറിന് കരളിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് ജൂണിൽ 14 മണിക്കൂർ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയാനന്തര ചികിത്സയിലാണ് താരം ഇപ്പോൾ. രണ്ടാം ഘട്ട കരൾ കാൻസറായിരുന്നു ദീപികക്ക്. ഷോയിബ് ഇബ്രാഹിമിന്റെ യൂട്യൂബ് വ്ലോഗിലൂടെ നടി തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ശസ്ത്രക്രിയക്ക് ശേഷം സംസാരിച്ചിരുന്നു. തനിക്കുവേണ്ടി പ്രാർഥിക്കുകയും ആശംസകൾ നേരുകയും ചെയ്ത ആരാധകർക്ക് അവർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

