ഷൈൻ ടോമിന്‍റെ പിതാവിന് കണ്ണീർവിട; അന്ത്യചുംബനം നൽകാൻ താരമെത്തിയത് ആംബുലൻസിൽ
text_fieldsകേച്ചേരി: തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച, നടൻ ഷൈൻ ടോമിന്റെ പിതാവ് ചെറുവത്തൂർ ചാക്കോയുടെ (73) മൃതദേഹം സംസ്കരിച്ചു. ഞായറാഴ്ച വൈകീട്ട് മുണ്ടൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നടി- നടൻമാരുൾപ്പെടെ നിരവധി പേർ ആദരാജ്ഞലികളർപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11 ഓടെ മുണ്ടൂർ കർമ്മലമാത പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ആറോടെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ധർമ്മപുരിക്ക് സമീപം നല്ലം പള്ളിയിൽ അപകടത്തിൽപ്പെട്ടത്. നടൻ ഷൈൻ ടോം, മാതാവ് മരിയ കാർമ്മൽ എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇരുവരെയും, ചാക്കോയുടെ മൃതദേഹം ഒരു നോക്ക് കാണാൻ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് മുണ്ടൂരിലെ വീട്ടിൽ എത്തിച്ചത്. ആംബുലൻസിലാണ് ഇരുവരെയും കൊണ്ടുവന്നത്. ഷൈൻ ടോമിന് ഇടത് തോളിന് താഴെ മൂന്നിടത്തായാണ് എല്ലുകൾക്ക് പൊട്ടലുണ്ടായത്. മാതാവ് മരിയക്ക് ഇടുപ്പെല്ലിനുമാണ് ഗുരുതര പരിക്കുള്ളത്.
ഷൈൻ വീട്ടിലേക്ക് നടന്നു കയറിയെങ്കിലും ചേതനയറ്റ ഭർത്താവിനെ കാണാൻ മരിയയെ സ്ട്രക്ചറിലാണ് കൊണ്ടുവന്നത്. ഇരുവരും മൃതദേഹത്തിനരികിലെത്തിയ കാഴ്ച കൂടി നിന്നവരെയും ഈറനണിയിച്ചു.
അഭിനതാക്കളായ ടൊവിനോ തോമസ്, സൗബിൻ താഹിർ, ജയസൂര്യ, ജോജു ജോർജ്, ടി.ജി രവി, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്, സോഹൻ സീനുലാൽ, ടിനി ടോം, സരയു, ഹൻസിബ, സംവിധായകരായ കമൽ, ടോം ഇമ്മട്ടി, ഒമർ എന്നിവരും മന്ത്രി സജി ചെറിയാന് വേണ്ടി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും താരസംഘടനയായ ‘അമ്മ’ക്ക് വേണ്ടി ടിനി ടോം, ഹൻസിബ എന്നിവരും റീത്ത് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

