'എന്‍റെ പിന്നാലെ നടന്ന് ഡാഡി പോയെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ പ്രതികരണം അങ്ങനെയായിരുന്നു'- ഷൈന്‍ ടോം ചാക്കോ
text_fieldsനടൻ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയും ഷൈനിന്‍റെ പിതാവ് മരണപ്പെടുകയും ചെയ്തത് ഈയിടെയാണ്. ലഹരിക്കേസില്‍ അകപ്പെട്ടതിന്‍റെ ഭാഗമായി റീഹാബിറ്റേഷന് വേണ്ടി ബംഗളൂരുവിലേക്ക് പോകവെ സേലത്ത് വെച്ചായിരുന്നു അപകടം. ഇപ്പോഴിതാ പിതാവിന്‍റെ മരണവിവരം അറിയിച്ചപ്പോഴുള്ള നടൻ മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ച് പറയുകയാണ് താരം. 'ക്യൂ സ്റ്റുഡിയോ'ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
പിതാവിന്‍റെ മരണശേഷം മമ്മൂട്ടി തന്നെ വിളിച്ചിരുന്നു എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. പിഷാരടിയും കുഞ്ചാക്കോ ബോബനും തന്നെ കാണാൻ വന്ന സമയത്ത് പിഷാരടിയാണ് മമ്മൂട്ടിയെ വിളിച്ച് നൽകിയതെന്നും എന്നാൽ തന്‍റെ ഫോണിൽ നേരത്തെ തന്നെ മമ്മൂട്ടിയുടെ മെസേജ് വന്നിട്ടുണ്ടായിരുന്നെന്നും ഷൈൻ വ്യക്തമാക്കി. തന്റെ പിന്നാലെ നടന്നാണ് പിതാവ് പോയതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ ആശ്വസിപ്പിച്ചെന്ന് ഷൈന്‍ പറഞ്ഞു. മമ്മൂട്ടിയും ആ സമയത്ത് കുറച്ച് ബുദ്ധിമുട്ടിലൂടെ കടന്നുപോകുകയായിരുന്നെന്നും അതിനിടയിലാണ് തന്നോട് സംസാരിച്ചതെന്നും ഷൈൻ പറഞ്ഞു.
'നീ അത്ര പ്രശ്നക്കാരനായ കുട്ടിയൊന്നുമല്ല. കുറച്ച് കുറുമ്പ് ഉണ്ടെന്നേയുള്ളു. അതൊന്നു മാറ്റിയാൽ മതി, അത്രേയുള്ളു. നമുക്ക് ഇനിയും പടം ചെയ്യാം. എല്ലാം ശരിയാകും ഒന്നും ആലോചിച്ച് വിഷമിക്കേണ്ട, നമ്മൾ മുന്നോട്ട് പോകുക... ബാക്കിയെല്ലാം നമുക്കൊപ്പം വന്നോളും' -എന്ന് മമ്മൂട്ടി പറഞ്ഞതായി ഷൈൻ വ്യക്തമാക്കി. കൊക്കയ്ൻ കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോഴും മമ്മൂട്ടി മെസേജ് അയച്ചിരുന്നു എന്ന് ഷൈൻ പറഞ്ഞു. തനിക്ക് അങ്ങനെ മെസേജുകൾ അയച്ചിട്ട് അദ്ദേഹത്തിന് ഒന്നും കിട്ടാനില്ല. വേണ്ട സമയങ്ങളിൽ എപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടാകുമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

