'ഓഫറുകൾ ലഭിച്ചിരുന്നു, പക്ഷേ ഒരിക്കലും സമ്മതം പറഞ്ഞില്ല…' മലയാള സിനിമയിൽ അഭിനയിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തി ശിൽപ ഷെട്ടി
text_fieldsധ്രുവ സർജ പ്രധാന വേഷത്തിൽ എത്തുന്ന കന്നഡ ചിത്രമായ കെഡി - ദി ഡെവിളിൽ ബോളിവുഡ് നടി ശിൽപ ഷെട്ടി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇതുവരെ മലയാള സിനിമയിൽ അഭിനയിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. കൊച്ചിയിൽ മലയാള സിനിമയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശിൽപ ഷെട്ടി.
'ഹിന്ദി സിനിമക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കുറച്ച് ഓഫറുകൾ വന്നിട്ടുണ്ട്, പക്ഷേ എനിക്ക് ഭയമുള്ളതിനാൽ ഞാൻ ഒരിക്കലും അവക്ക് സമ്മതം പറഞ്ഞിട്ടില്ല. എനിക്ക് മലയാള സിനിമ വളരെ ഇഷ്ടമാണ്. മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. മലയാളത്തിൽ അഭിനയിച്ചാൽ എന്റെ വേഷത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന് എനിക്ക് ഒരിക്കലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ഒരു ദിവസം ഞാൻ ഒരു മലയാള സിനിമ ചെയ്തേക്കാം' -ശിൽപ ഷെട്ടി പറഞ്ഞു.
മലയാളത്തിലെ ഏതെങ്കിലും നടനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മോഹൻലാൽ എന്നായിരുന്നു മറുപടി. ഇന്ത്യൻ സിനിമയിലെ ഏറ്റവും അത്ഭുതകരമായ നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും ശില്പ പറഞ്ഞു. മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട ചിത്രം ഫാസിൽ സംവിധാനം ചെയ്ത 'നോക്കെത്താദൂരത്ത് കണ്ണും നട്ട്' (1984) ആണെന്നും നടി വെളിപ്പെടുത്തി. അത് തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്ന് അവർ വിശേഷിപ്പിച്ചു.
പദ്മിനി, നദിയ മൊയ്തു, മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'നോക്കെത്താദൂരത്ത് കണ്ണും നട്ട്' മലയാള സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. പായൽ (1992) എന്ന പേരിൽ ഹിന്ദിയിലും മറ്റ് നിരവധി ഭാഷകളിൽ ചിത്രം പുനർനിർമിച്ചു.
അതേസമയം, ശിൽപ ഷെട്ടി ഉടൻ തന്നെ കെഡി - ദി ഡെവിൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. പ്രേം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നു. സഞ്ജയ് ദത്ത്, റീഷ്മ നാനയ്യ, വി. രവിചന്ദ്രൻ, രമേശ് അരവിന്ദ് തുടങ്ങി നിരവധി താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

