സാമ്പത്തിക തട്ടിപ്പ്; ശിൽപ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തു
text_fieldsമുംബൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തു. ജുഹു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടിയുടെ ഭർത്താവുൾപ്പടെ അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവർക്കുമെതിരെ അന്വേഷണം നടത്തുന്ന ഇകണോമിക്സ് ഒഫൻസീവ് വിങിന്റെ (ഇ.ഒ.ഡബ്ല്യൂ) നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. താരത്തിന്റെ മുംബൈയിലെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ തട്ടിപ്പിൽ നടിക്കുള്ള പങ്കിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുമാണ് ചോദ്യം ചെയ്തത്.
ഫണ്ടുകളുടെ ഒഴുക്കിനെ കുറിച്ചും ആരോപണവിധേയമായ തുകയുടെ കൈമാറ്റങ്ങളുടെ ഉദേശ്യവും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. തട്ടിയെടുത്ത തുകയിൽ നിന്നും 15 കോടി രൂപ ശിൽപയുടെ ഉടമസ്ഥതയിലുള്ള കമ്പനി അക്കൗണ്ടിലേക്ക് മാറ്റിയതായും ആരോപിക്കപ്പെടുന്നുണ്ട്.
ബെസ്റ്റ് ഡീല്‍ ടി.വി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽ നിന്ന് 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2015നും 2023നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നാണ് വ്യവസായി ദീപക് കോത്താരിയുടെ ആരോപണം.
ലോട്ടസ് ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസിന്റെ ഡയറക്ടറാണ് കോത്താരി. ഹോം ഷോപ്പിങ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടി.വി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്ന ദമ്പതികളെ പരിചയപ്പെടുത്തിയത് രാജേഷ് ആര്യ എന്ന വ്യക്തിയാണെന്നും കോത്താരിയുടെ പരാതിയിൽ പറയുന്നുണ്ട്. കമ്പനിയുടെ 87.6% ഓഹരികളും ദമ്പതികളുടെ കൈവശമായിരുന്നു. ആദ്യം 12% പലിശക്ക് 75 കോടി രൂപയുടെ വായ്പ ദമ്പതികൾ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഉയർന്ന നികുതി ഒഴിവാക്കുന്നതിനായി ഒരു നിക്ഷേപമായി ഫണ്ട് ഉപയോഗിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും പ്രതിമാസ വരുമാനവും മുതലിന്റെ തിരിച്ചടവും ഉറപ്പുനൽകിയെന്നും കോത്താരി അവകാശപ്പെട്ടു.
2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു ദമ്പതികൾക്ക് കോത്താരി കൈമാറി. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും അദ്ദേഹം പറയുന്നു. എന്നാൽ 2016 സെപ്റ്റംബറിൽ അവർ ബെസ്റ്റ് ഡീൽ ടി.വിയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. തുടർന്ന് ഇടനിലക്കാരൻ രാജേഷ് ആര്യ വഴി തന്റെ പണം തിരിച്ചുപിടിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും കോത്താരി ആരോപിച്ചു. നടിയും ഭർത്താവും തന്റെ ഫണ്ട് വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

