‘പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്‍റെ വാപ്പി കൊടുത്തിരിക്കും…’ -20 ലക്ഷം രൂപ കടംവാങ്ങിയിട്ട് തിരിച്ച് തന്നില്ലെന്ന ആരോപണത്തിൽ ബാദുഷയുടെ മകൾ
text_fieldsകോഴിക്കോട്: 20 ലക്ഷം രൂപ കടംവാങ്ങിയിട്ട് തിരിച്ച് തന്നില്ലെന്ന പരാതി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് നടൻ ഹരീഷ് കണാരനെതിരെ നിർമാതാവ് ബാദുഷ ഭീഷണി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പ്രതികരണവുമായി മകളും. ഈ പ്രശ്നം ആരംഭിച്ചതോടെ തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്നാണ് ബാദുഷയുടെ മകൾ ഷിഫ പ്രതികരണവുമായി രംഗത്തെത്തിയത്.
ഷിഫ പറഞ്ഞത്: ‘വാപ്പിയോട് ചോദിച്ചു എന്താണ് പ്രശ്നമെന്ന്, വീട്ടിലെ കാര്യം അറിഞ്ഞ് വളരണമെന്നാണ് വാപ്പി പറയാറ്, വാപ്പിയായിട്ട് അത് പൊതുജനത്തോട് പറയും. വാപ്പി കള്ളനാണെന്ന് പറഞ്ഞ് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ല, ഒരു വശം മാത്രം കേട്ടിട്ടാണ് സൈബര്‍ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്‍റെ വാപ്പി ബാദുഷ കൊടുത്തിരിക്കും. വാപ്പിയുടെ മകൾ ആയതിൽ എനിക്ക് അഭിമാനമേയുള്ളു. എന്നാൽ പ്രൊഡ്യൂസര്‍ ബാദുഷയുടെ മോളെന്ന് അറിയപ്പെടാന്‍ ആഗ്രഹമില്ല, വാപ്പിയുടെ പേര് പറഞ്ഞ് എന്‍റെ കമന്‍റ് ബോക്സില്‍ തുള്ളരുത്’.
കഴിഞ്ഞ ദിവസം ബാദുഷ ഇൻസ്റ്റഗ്രാമിലൂടെ ഹരീഷിന് ഭീഷണി മുന്നറിയിപ്പ് നൽകിയിരുന്നു. ‘പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനെ ശേഷം മാത്രം'-എന്ന അടിക്കുറിപ്പിലാണ് ഹരീഷിന് മുന്നറിയിപ്പ് നൽകിയത്. ഇരുപതാം നൂറ്റാണ്ട്' സിനിമയിലെ 'ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട ക്രിമിനൽ പോലും ഇത്തരം തരംതാഴ്ന്ന പ്രവർത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിൽ ഒരുത്തനെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. നീ ഒന്ന് ഉറപ്പിച്ചോ.. നിന്റെ അന്ത്യം ആരംഭിച്ച് കഴിഞ്ഞു' എന്ന ഡയലോഗാണ് ബാദുഷ ഷെയർ ചെയ്തത്. ഇതിന്, തനിക്കുള്ള ഭീഷണിയാണ് ബാദുഷ ഇൻസ്റ്റഗ്രാമിലൂടെ നടത്തിയതെന്നും അതിലൊന്നും ഭയമില്ലെന്നും ഹരീഷ് കണാരൻ പ്രതികരിച്ചിരുന്നു.
20 ലക്ഷം രൂപ കടം വാങ്ങിയിട്ട് ചലച്ചിത്ര നിർമാതാവ് ബാദുഷ തിരിച്ചുനൽകിയില്ലെന്നും ഇത് സംഘടനയില്‍ അടക്കം പരാതി നൽകിയതിന്റെ പേരിൽ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയെന്നുമാണ് ഹരീഷ് കണാരൻ പറഞ്ഞത്. കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ സിനിമകളിൽ നിന്ന് നിരന്തരം മാറ്റിനിർത്താൻ ഇടപെടുന്നതെന്ന് നേരത്തെ തന്നെ ഹരീഷ് കണാരൻ പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് തന്നെ കടംവാങ്ങി വഞ്ചിച്ചത് പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണെന്ന് നടൻ ഹരീഷ് വെളിപ്പെടുത്തിയത്.
‘ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് തീരെ സിനിമ ഉണ്ടാവില്ലായിരിക്കും. പോട്ടെ, ഞാൻ സ്റ്റേജ് പ്രോഗ്രാമൊക്കെയായി ജീവിച്ച് പോകും. ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട് എന്നാണ് ആദ്യം കരുതിയത്. സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ ആദ്യം കരുതിയിരുന്നത്. 'എ.ആർ.എം'അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’യിൽ പരാതി നൽകി. ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു. എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ 'എ.ആർ.എമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്. എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി...’ -എന്നാണ് ഹരീഷ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

