'വളരെ മനോഹരമായ കൂട്ടായിരുന്നു അവരെനിക്ക്'; അനുപമ പരമേശ്വരനും രജീഷ വിജയനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരൂർ
text_fieldsമലയാളത്തിലെ യുവ സിനിമ താരങ്ങളായ അനുപമ പരമേശ്വരനും രജീഷ വിജയനുമൊപ്പമുളള സെല്‍ഫി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വിമാനത്തിൽ വെച്ച് കണ്ടുമുട്ടിയ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. അവരോടൊപ്പം ചെലവഴിച്ചത് വളരെ മനോഹരമായ സമയമായിരുന്നു എന്നും അദ്ദേഹം എഴുതി. ഇരുവരുടെയും പുതിയ ചിത്രമായ ബൈസണ് അദ്ദേഹം ആശംസകൾ നേർന്നു.
‘മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം ചെന്നൈയിലേക്കുള്ള വിമാനത്തില്‍ ഞാന്‍ എന്നെ കണ്ടെത്തി. വളരെ മനോഹരമായ കൂട്ടായിരുന്നു അവരെനിക്ക്. അവരുടെ റിലീസിനൊരുങ്ങുന്ന ബൈസണ്‍ എന്ന ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു’ -എന്ന കുറിപ്പാണ് അദ്ദേഹം ചിത്രത്തിനൊപ്പം പങ്കുവെച്ചത്. ഞായറാഴ്ച രാവിലെ ചെന്നൈയിലേക്കുള്ള വിമാനത്തിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയതെന്നാണ് വിവരം. തരൂർ പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വളരെ പെട്ടെന്ന് വൈറലായി.
അതേസമയം, തമിഴ് സ്‌പോർട്‌സ് ഡ്രാമയായ ബൈസൺ ഒക്ടോബർ 17 ന് റിലീസ് ചെയ്യും. അനുപമയും രജിഷയുമാണ് ചിത്രത്തിലെ നായികമാർ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രമാണ് നായകൻ. കബഡിയെ ആസ്പദമാക്കിയുള്ള ഒരു സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത് അദിതി ആനന്ദ് സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ലാൽ, അമീർ, പശുപതി, കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

