‘ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ട’ന്റെ യഥാർഥ പതിപ്പ്; ഷാരൂഖിന്റെ പ്രായം റിവേഴ്സ് ഗിയറിലെന്ന് ശശി തരൂർ
text_fields60ാം പിറന്നാൾ ദിനത്തിൽ ഷാരൂഖ് ഖാന് ദീർഘിച്ച ആശംസകൾ കൊണ്ട് സ്നേഹക്കുരുക്കിട്ട് ശശി തരൂർ. 70 വയസ്സായാലും കൗമാരക്കാരന്റെ വേഷങ്ങൾക്കായി ഷാരൂഖ് ഓഡിഷൻ നടത്തുമെന്നും തരൂർ പ്രവചിച്ചു.
‘എക്സി’ലാണ് അദ്ദേഹം സുദീർഘമായ കുറിപ്പ് പങ്കുവെച്ചത്. പോസ്റ്റിന്റെ പൂർണരൂപം: ‘ബോളിവുഡിന്റെ എക്കാലത്തെയും രാജാവ് ഷാരൂഖ് ഖാന് 60-ാം ജന്മദിനാശംസകൾ. ‘60’എന്ന നമ്പറിന് ആഴമേറിയ മാനങ്ങൾ എനിക്ക് കണ്ടെത്താനായി.
സ്വതന്ത്ര വസ്തുതാ പരിശോധകരുടെയും ഫോറൻസിക് ഡിറ്റക്ടീവുകളുടെയും ഒരു സംഘം ‘60’ എന്ന ഈ അവകാശവാദം അന്വേഷിച്ച് ഇങ്ങനെയൊരു നിഗമനത്തിലെത്തി: ‘വ്യക്തമായ ദൃശ്യ തെളിവുകളുടെ സമ്പൂർണമായ അഭാവത്തിൽ, പ്രത്യേകിച്ച് ഫോട്ടോഷോപ്പ് ചെയ്യാനാവാത്ത നരച്ച മുടിയോ വേഗത കുറയുന്നതിന്റെ നിഷേധിക്കാനാവാത്ത ലക്ഷണങ്ങളോ ഒന്നുമില്ലാതെ, ഗണ്യമായി പ്രായം കുറഞ്ഞ ഒരാളുടെ സ്ഥിരമായ രൂപത്തിന്റെ അടിസ്ഥാനത്തിൽ ഷാരൂഖ് ഖാന് 60 വയസ്സ് തികയുന്നു എന്ന വാദം വസ്തുതാപരമായി സ്ഥിരീകരിക്കാൻ കഴിയില്ല’.
ഷാരൂഖ് ‘ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ’ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ യഥാർഥ പതിപ്പായി ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആഗോളതലത്തിലുള്ള ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയാണെന്ന് ഞാൻ സംശയിക്കുന്നു. അദ്ദേഹം വിപരീത ദിശയിലാണ് വാർധക്യം പ്രാപിക്കുന്നത്. പ്രായമാകുന്നത് നേരെ തിരിച്ചാണ്. തെളിവുകൾ നോക്കുക.
1.ഇന്ന് അദ്ദേഹത്തിന്റെ ഊർജനില 20 വർഷം മുമ്പുള്ളതിനേക്കാൾ കൂടിയതായി തോന്നുന്നു.
2. അദ്ദേഹത്തിന്റെ ഹെയർസ്റ്റൈൽ ക്രമേണ കൂടുതൽ യുവത്വമുള്ളതായി മാറിയിരിക്കുന്നു.
3. ലൈറ്റിംഗ് ടീമിന് വിശദീകരിക്കാൻ കഴിയാത്ത ചുളിവുകൾ ഒന്നുമില്ല.
അദ്ദേഹം തന്റെ 70ാം ജന്മദിനം ആഘോഷിക്കുമ്പോഴേക്കും കൗമാരക്കാരന്റെ വേഷങ്ങൾക്കായി ഓഡിഷൻ നടത്തുമെന്ന് ഞാൻ പ്രവചിക്കുന്നു. അദ്ദേഹം ഒരു ബാലതാരമായി മാറുമ്പോൾ ഞാൻ അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയേ ഇല്ല. ഈ അവിശ്വസനീയമായ നാഴികക്കല്ലിന് അഭിനന്ദനങ്ങൾ.
ഷാരൂഖ്! ദയവായി ഭൗതികശാസ്ത്രത്തെയും ജീവശാസ്ത്രത്തെയും വെല്ലുവിളിക്കുകയും വരും വർഷങ്ങളിൽ നമ്മളെയെല്ലാം ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നത് തുടരുക. ജന്മദിനാശംസകൾ എസ്.ആർ.കെ, കിംഗ്ഖാൻ.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

