ഹാലാകെ മാറുന്നു; സിനിമ വിശേഷങ്ങളുമായി ഷെയ്ൻ നിഗം
text_fieldsമലയാള സിനിമയിലെ പുതിയ തലമുറയുടെ ശക്തമായ സാന്നിധ്യമാണ് ഷെയ്ൻ നിഗം. വികാരങ്ങളുടെ സൂക്ഷ്മതയും കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും അതിസ്വാഭാവികമായി അവതരിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കാട്ടിത്തരുന്നുണ്ട് തിയറ്ററുകളിലോടുന്ന ഹാൽ എന്ന സിനിമയും. കോടതി കയറുകയും കടുംവെട്ട് വെട്ടിയിട്ടും അതിജീവനത്തിന്റെ വഴികളിലൂടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന ‘ഹാൽ’ സിനിമയുടെ ഷൂട്ടിനിടെ ഷെയ്ൻ നിഗവുമായി നടത്തിയ സംഭാഷണം.
വേഷങ്ങളിലെ വൈവിധ്യം
വേറിട്ട വേഷങ്ങൾ തെരഞ്ഞെടുക്കുക എന്നതുതന്നെയാണ് പ്രധാനം. ഇതു ജീവിതത്തിന്റെ ഭാഗമാണല്ലോ. പിന്നെ നമുക്ക് അറിയില്ലല്ലോ തെരഞ്ഞെടുക്കുന്നത് ശരിയാണെന്ന്. ഒരു കഥ കേട്ടു നല്ലതാണെന്ന് തോന്നി, അത് ഏറ്റെടുക്കുന്നു. അതിന്റെ എല്ലാ ഘടകങ്ങളും ചേർന്നിട്ടാണ് ഒരു സിനിമയുണ്ടാവുന്നത്. അതിന്റെ സംവിധായകൻ, നിർമാതാവ്, കാമറാമാൻ, സംഗീതം തുടങ്ങി എല്ലാവരും ഒന്നിക്കുമ്പോളാണ് ഒരു സിനിമ നന്നാവുന്നത്. അഭിനയം എന്ന ജോലി മാക്സിമം ഭംഗിയായി ചെയ്യുക എന്നതേയുള്ളൂ. ബാക്കി ഒരു സിനിമയുടെ വിജയം എല്ലാ ഘടകങ്ങളും കൂടിചേരുമ്പോഴാണ് സംഭവിക്കുന്നത്. ഒരാളുടെ മാത്രം കലാസൃഷ്ടി അല്ല സിനിമ.
പ്രേക്ഷക പ്രതികരണം
നല്ലത് എന്ന് കരുതി എടുക്കുന്ന ഒരു സിനിമ ചിലപ്പോൾ േപ്രക്ഷകർ സ്വീകരിക്കാതെ പോകാറുണ്ട്. എന്നാലും നമുക്കൊരു നിഗമനമുണ്ട്. അതു പലപ്പോഴും ശരിയാകാറുമുണ്ട്. എന്നാൽ, ചില സിനിമകൾ എടുക്കുമ്പോൾതന്നെ ചില സീനുകളിൽ ഇതിനു പണി കിട്ടും എന്ന് തോന്നിയ സന്ദർഭങ്ങളിൽ പണി കിട്ടിയിട്ടുണ്ട്. അതിനാൽ ജഡ്ജ്മെന്റിൽ എനിക്ക് പേടിയില്ല. പക്ഷേ, ആ ജഡ്ജ്മെന്റിനായി കറക്ട് സ്ഥലങ്ങളിൽ എത്തിപ്പെടുക എന്നതിലാണ് ഭയമുള്ളത്. കറക്ടായ ടീമിന്റെ അടുത്ത് നമ്മൾ എത്തിപ്പെടുകയാണ് വേണ്ടത്. എന്നാൽ എല്ലാം ചിലപ്പോൾ നമുക്ക് നോക്കി ചെയ്യാൻ പറ്റണമെന്നില്ല. അതിനാൽ കൃത്യമായ സ്ഥലത്ത് എത്തിപ്പെടണമെന്നില്ല. അപ്പോൾ അത്തരം കാര്യങ്ങളിൽ റിസ്ക് എടുക്കേണ്ടിവരും. ചിലേപ്പാൾ പാളിച്ചകളും സംഭവിക്കാം. അതെല്ലാം ഈ ഡിസൈനിങ്ങിന്റെ ഭാഗമല്ലേ. ഇതൊന്നുമില്ലെങ്കിൽ ജീവിതത്തിന് എന്താണ് അർഥം.
ക്രിയാത്മകമാകണം വിമർശനങ്ങൾ
വിമർശനങ്ങൾ നല്ല സെൻസോടു കൂടി ഉൾക്കൊള്ളും. അഭിനയിക്കുമ്പോൾ ഞാൻ എന്നെതന്നെ കാണുന്നില്ല. മാക്സിമം പെർഫോം ചെയ്യുന്നു എന്ന് മാത്രം. എന്നാൽ, പണം കൊടുത്ത് അത് കാണുന്ന പ്രേക്ഷകന് മാന്യമായി വിലയിരുത്താനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. എന്നാൽ, മാന്യമായി പറയുമ്പോൾ അതിൽ ഒരു സ്നേഹം നിലനിൽക്കും. അല്ലെങ്കിൽ എന്റെ ഉള്ളിൽ ഒരു വേദനയായി അത് കിടക്കും. നമ്മുടെ വിമർശനങ്ങളിലും സമീപനങ്ങളിലും ചിലപ്പോൾ ടോണുകളിലും കടുപ്പം വരാം. അപ്പോൾ അർഥതലങ്ങളിൽ വ്യത്യാസം വരാം. ഞാൻ വിമർശനങ്ങളിൽ ശ്രദ്ധിക്കുന്ന കാര്യമാണത്. ഗുണകാംക്ഷയോടു കൂടി വിമർശിക്കുന്നവർ ഒരിക്കലും അങ്ങനെ വിമർശിക്കില്ല. അത് ആ ടോണിൽനിന്ന് മനസ്സിലാക്കാനാവും.
നല്ല സിനിമയും കഥാപാത്രങ്ങളും
കഥയും സാഹിത്യവും മാത്രം നോക്കി വേഷം തെരഞ്ഞെടുത്താൽ ചിലപ്പോൾ അതിലെ ക്രൂ നന്നാകണമെന്നില്ല. എല്ലാ ഘടകങ്ങളും ചേർന്നാൽ മാത്രമേ നേരത്തേ പറഞ്ഞതുപോലെ സിനിമ വിജയിക്കുകയുള്ളൂ എന്നാൽ, എല്ലാ ഘടകങ്ങളും ചേർന്ന് ഒരു സിനിമ ഉണ്ടായിക്കൊള്ളണമെന്നില്ല. എവിടെയെങ്കിലും ഒക്കെ ഒരു കുറവ് എല്ലാ സിനിമകളിലും ഉണ്ടാകും. അതിന് സഹജ വാസനയിൽ വിശ്വസിക്കുക എന്ന് മാത്രമേ മാർഗമുള്ളൂ. ഈ കഥ കുഴപ്പമില്ല, ഇവരുടെ കൂടെ നമുക്ക് ചെയ്തു നോക്കാം എന്നൊരു തോന്നൽ ഉണ്ടാകുമ്പോൾ ചെയ്യുകയാണ്. എല്ലാം തികഞ്ഞ അളന്നുമുറിച്ച ഒരു റോൾ ഉണ്ടാകണമെന്നില്ല.
അവാർഡുകളല്ല. സിനിമ പ്രേക്ഷകന് ഇഷ്ടപ്പെടുക എന്നതാണ് എന്റെ ലക്ഷ്യം. ജനം ഇഷ്ടപ്പെട്ടാൽ സിനിമ സ്വാഭാവികമായി വിജയിച്ചുകൊള്ളും. അവർക്ക് രണ്ടു മണിക്കൂറോളം സംതൃപ്തി നൽകാൻ കഴിഞ്ഞാൽ എനിക്കും സംതൃപ്തിയാകും. അല്ലെങ്കിൽ സങ്കടമാകും. അത് ഒന്നുകൂടി കറക്ട് ചെയ്യാമായിരുന്നു എന്ന തോന്നലുണ്ടാകും. കാരണം ഒരു അഭിനേതാവ് എന്ന രീതിയിൽ ഒരുപാട് പരിമിതികൾ എനിക്കുണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ കയറിയിട്ട് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്ന് പറയാനുള്ള സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്
പ്രതിസന്ധികളിൽ പ്രതീക്ഷ
പരീക്ഷണാർഥം പ്രതിസന്ധി തരുന്നതും അതിൽ നമ്മളെ ഭാഗമാക്കുന്നതും അവിടെയെത്തിക്കുന്നതും രക്ഷപ്പെടുത്തുന്നതും നമുക്ക് എത്തേണ്ട സ്ഥലത്ത് എത്തിക്കുന്നതും ഒക്കെ പടച്ചവനാണ്. ഉമ്മയും രണ്ട് സഹോദരിമാരുമാണുള്ളത്. പുതിയ ഒരാൾ വന്നു ചേരുമ്പോൾ അയാളെയും ചേർത്തുനിർത്തിക്കൊണ്ട് പോകും. എല്ലാം അതിന്റെ സമയത്ത് നടക്കേണ്ടതാണല്ലോ. അതൊക്കെ ജീവിതത്തിന്റെ ഭാഗവുമാണല്ലോ. അതുവരെയും ബാക്കിയുള്ള ജീവിതത്തിന്റെ ഭാഗങ്ങളിലൂടെ മുന്നോട്ടുപോകും.
ഹാൽ
ഹാൽ കംപ്ലീറ്റ് ഒരു ലവ് സ്റ്റോറി ആണ്. ആസിഫ് കടലുണ്ടി എന്ന വളരുന്ന ഒരു റാപ്പ് ഗായകനാണ് ഹാലിലെ എന്റെ കഥാപാത്രം. അയാളുടെ നിലപാടുകളാണ് അയാളുടെ പാട്ടുകൾ. പിന്നെ ഈ സിനിമക്കൊരു രാഷ്ട്രീയമുണ്ട്. മതത്തിന്റെ പേരിൽ മനുഷ്യൻ മാറ്റി നിർത്തപ്പെടുന്ന എന്നും അതു പ്രസക്തമാണ്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

