'സഹോദരനായിരുന്നു... മായാത്ത നോവായി എക്കാലവും മനസിലുണ്ടാകും'; കലാഭവൻ നവാസിന്‍റെ വിയോഗത്തിൽ ഷമ്മി തിലകൻ
text_fieldsനടൻ കലാഭവൻ നവാസിന്‍റെ ആകസ്മിക വിയോഗത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിച്ച് എത്തുന്നത്. സുഹൃത്ത് എന്നതിലുപരി നവാസ് സ്വന്തം സഹോദരനായിരുന്നു എന്ന് നടൻ ഷമ്മി തിലകൻ കുറിച്ചു. നവാസുമായുള്ള സ്നേഹബന്ധം ഓർമകളിൽ ഒരു നിധി പോലെ എന്നെന്നും സൂക്ഷിക്കുമെന്നും സമൂഹമാധ്യത്തിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
'പ്രിയ നവാസ്, നീ യാത്രയായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു നീ എനിക്ക്. നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നീയും എനിക്ക് എന്നും സഹോദരതുല്യരായിരുന്നു. ആഴമേറിയ ആ സ്നേഹബന്ധം ഓർമകളിൽ ഒരു നിധി പോലെ എന്നെന്നും ഞാൻ സൂക്ഷിക്കും. നിന്‍റെ വിയോഗം ഹൃദയത്തിൽ ഒരു തീരാനോവാണ്, അനിയാ.....നിന്‍റെ ഓർമ്മകൾക്ക് മരണമില്ല. സുന്ദരമായ നിൻറെ ഈ പുഞ്ചിരി, നിൻറെ സ്നേഹം, എല്ലാം ഒരു മായാത്ത നോവായി എക്കാലവും എന്‍റെ മനസിൽ ജീവിക്കും' -ഷമ്മി തിലകൻ കുറിച്ചു.
ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ നവാസിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിന് എത്തിയതായിരുന്നു നവാസ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഷൂട്ടിങ് അവസാന ദിവസമായിരുന്ന വെള്ളിയാഴ്ച മുറിയിലെത്തി മടങ്ങാനിരിക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയ അദ്ദേഹം ഏറെ നേരമായിട്ടും പുറത്തേക്ക് വരാതായതോടെ ഹോട്ടൽ അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്നത് കണ്ടത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ സിനിമ-നാടക നടനായിരുന്ന അബൂബക്കറിന്‍റെ മകനായി ജനിച്ച അദ്ദേഹം 1992 മുതൽ സിനിമയിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

