‘വിജയം പെട്ടെന്ന് വരുമെന്ന് കരുതുന്ന ആളല്ല, പരാജയത്തെ ഭയക്കുന്ന ആളുമല്ല’; ഗ്ലാഡിയേറ്റേഴ്സ് ട്രെയിലറിൽ അജിത്തിനെ കുറിച്ച് ശാലിനി
text_fieldsഅജിത് കുമാർ, ശാലിനി
നടൻ എന്നതിലുപരി ഒരു റേസർ കൂടിയാണ് തമിഴ് സൂപ്പർതാരം അജിത് കുമാർ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അജിത് കുമാറിന്‍റെ റേസിങ് ജീവിതം പറയുന്ന ഡോക്യുമെന്ററി ഗ്ലാഡിയേറ്റേഴ്സിന്‍റെ ട്രെയിലറാണ് ഇപ്പോൾ നെറ്റിസണിന്‍റെ സംസാര വിഷയം. അജിത്തിന്റെയും ഭാര്യ ശാലിനിയുടെയും ഉടമസ്ഥതയിലുള്ള ബ്രേവ് ഹാർട്ട്സ് പ്രൊഡക്ഷൻസാണ് ശനിയാഴ്ച ട്രെയിലർ പുറത്തിറക്കിയത്. 'തലൈവി' സംവിധായകൻ എ. എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശാലിനിയും മക്കളായ അനുഷ്കയും ആദ്വിക്കും ആദ്യമായി കാമറക്ക് മുന്നിൽ അജിത്തിനെ കുറിച്ച് മനസ് തുറക്കുന്നു എന്നതാണ് ട്രെയിലറിലെ ഹൈലൈറ്റ്.
എല്ലാവർക്കും അദ്ദേഹത്തെ ഒരു നടനായി അറിയാം. പക്ഷെ അടുത്തറിയുന്നവർക്ക് മാത്രമേ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും നിരന്തരം പിന്തുടരുന്ന ഒരു മനുഷ്യനായി അദ്ദേഹത്തെ അറിയൂ ശാലിനി ട്രെയിലറിൽ പറയുന്നുണ്ട്. എൻഡുറൻസ് റേസിങ് എത്രത്തോളം മത്സരാധിഷ്ഠിതമാണെന്ന് അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്ര ചൂണ്ടിക്കാട്ടുന്നു. മൂന്ന് പേർ മത്സരിക്കുന്ന റേസിൽ മൂന്നാമതെത്തുന്നത് പോലെയല്ല ഇത്. ട്രാക്കിൽ 54 കാറുകളുണ്ട്. അതിനിടയിലും അവർ വിജയിക്കുന്നു അദ്ദേഹം പറയുന്നു.
ആദ്യമായി അച്ഛന്റെ കാറിൽ ഇരിക്കാൻ അവസരം കിട്ടിയത് ഓർക്കുന്നു. അദ്ദേഹം അതിനുള്ളിൽ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു എന്നാണ് അജിത്തിന്‍റെ മകൻ ആദ്വിക് പറഞ്ഞത്. അച്ഛന്‍റെ റേസിങ്ങും അഭിനയവും എന്നതിനേക്കാൾ, അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണ്, എന്നെ വളർത്തിയ മൂല്യങ്ങൾ എന്നതിനെയാണ് ഞാൻ കൂടുതൽ ആരാധിക്കുന്നത് എന്നാണ് മകൾ അനുഷ്ക പറഞ്ഞത്.
അജിത്തിന്റെ പരിശീലകരും സഹ റേസർമാരും അദ്ദേഹത്തിന്റെ അഭിനിവേശത്തെ പ്രശംസിക്കുന്നതും ട്രെയിലറിൽ കാണാം. വിജയം ഒറ്റരാത്രികൊണ്ട് വരുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അതുപോലെ, പരാജയത്തെ അദ്ദേഹം ഭയപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല’ ശാലിനി പറയുന്നു. ട്രോഫിക്ക് വേണ്ടിയല്ല, ഒന്നും അസാധ്യമല്ലെന്ന് തോന്നുന്ന ആ കുറച്ച് നിമിഷങ്ങൾക്ക് വേണ്ടിയാണ് അജിത് എൻഡുറൻസ് റേസിംഗിലേക്ക് തിരിച്ചെത്തിയതെന്നും ശാലിനി പറയുന്നു.
ട്രാക്കിൽ ഭർത്താവ് ഉള്ളപ്പോഴെല്ലാം തനിക്ക് പരിഭ്രാന്തി തോന്നാറുണ്ടെന്നും എന്നാൽ സ്വപ്നങ്ങൾ ഇത്രയധികം ആവേശത്തോടെ ജീവിക്കുന്നത് കാണുമ്പോൾ പിന്തുണക്കാൻ തന്നെ തോന്നുമെന്നും ശാലിനി പുഞ്ചിരിയോടെ പറയുന്നു. 2000കളുടെ തുടക്കത്തിലാണ് അജിത് പ്രൊഫഷണലായി റേസിങ് ആരംഭിച്ചത്. ഏകദേശം 14 വർഷത്തെ ഇടവേളക്ക് ശേഷം 2025ൽ അദ്ദേഹം പ്രൊഫഷണൽ റേസിങ്ങിലേക്ക് തിരിച്ചെത്തി. നിലവിൽ 2026 മിഷേലിൻ ലെ മാൻസ് കപ്പിൽ മത്സരിക്കുകയാണ് അജിത്.
ഒക്ടോബർ 10ന് പോർച്ചുഗലിലെ പോർട്ടിമാവോയിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് സമാപിക്കുന്നത്. സിനിമയുടെ കാര്യത്തിൽ, 2025ൽ അധിക് രവിചന്ദ്രന്റെ ആക്ഷൻ കോമഡി 'ഗുഡ് ബാഡ് അഗ്ലി'യിലാണ് അജിത് അവസാനമായി അഭിനയിച്ചത്. അതേ സംവിധായകനൊപ്പം 'ഡെർഡെവിൾ' എന്ന ആക്ഷൻ ത്രില്ലറിൽ വീണ്ടും ഒന്നിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ശാലിനി നിർമിക്കുന്ന ചിത്രം ലെ മാൻസ് കപ്പിന് ശേഷം ഈ നവംബറിൽ ചിത്രീകരണം ആരംഭിക്കും. 2027 വേനൽക്കാലത്ത് റിലീസ് പ്രതീക്ഷിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

