മൊബൈൽ ഗെയിമിങ് വില്ലനായി: നടി ഷക്കീലക്ക് കഴുത്തിന് ശസ്ത്രക്രിയ; ‘3 ലക്ഷവും പോയി, കടുത്ത വേദനയും വരും’
text_fieldsഷക്കീല
മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെ തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടി ഷക്കീലക്ക് ശസ്ത്രക്രിയ. ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താൻ നേരിട്ട കടുത്ത ആരോഗ്യപ്രതിസന്ധിയെക്കുറിച്ചും ശസ്ത്രക്രിയയെക്കുറിച്ചും താരം മനസ്സ് തുറന്നത്. നിലവിൽ കഴുത്തിന് നെക്ക് കോളർ ധരിച്ച് പൂർണ്ണ വിശ്രമത്തിലാണ് ഷക്കീല. ആശുപത്രിയിലെ ദൃശ്യങ്ങളും വീട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള അനുഭവങ്ങളും അടങ്ങുന്ന വിഡിയോ പങ്കുവെച്ചാണ് മൊബൈൽ ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരാധകരോട് താരം അഭ്യർത്ഥിച്ചത്.
ഒരു വശത്തേക്ക് കിടന്നുകൊണ്ട് മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചതാണ് രോഗാവസ്ഥ വഷളാക്കിയതെന്ന് ഷക്കീല പറയുന്നു. ‘കട്ടിലിൽ ഒരു വശത്തേക്ക് ചരിഞ്ഞുകിടന്ന് മൂന്നും നാലും മണിക്കൂറോളം തുടർച്ചയായി ഞാൻ ഫോണിൽ ഗെയിം കളിക്കുമായിരുന്നു. ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നത്. അത് കുടിച്ച ശേഷം വീണ്ടും വന്ന് അതേ കിടപ്പ് തുടരും. അതിനുശേഷം മണിക്കൂറുകളോളം യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽസ് കണ്ടുകൊണ്ടിരിക്കും. ശരിയല്ലാത്ത പോസ്ചറിലുള്ള കിടപ്പും അമിതമായ ഫോൺ ഉപയോഗവും കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് എത്തിക്കുകയുമായിരുന്നു’ ഷക്കീല പറഞ്ഞു.
ശസ്ത്രക്രിയക്കായി 3 ലക്ഷത്തോളം രൂപ ചെലവായെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും പോലും ഇപ്പോൾ മറ്റുള്ളവരുടെ സഹായം വേണമെന്നും സ്വയം പരിഹസിച്ചുകൊണ്ട് താരം കൂട്ടിച്ചേർത്തു. ‘ഫോൺ വളരെ ഉപകാരപ്രദമായ ഒന്നാണ്, എന്നാൽ അത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുട്ടികൾക്ക് ഫോൺ കൊടുക്കരുത്. എന്റെ അനാവശ്യ വിഡിയോകൾ ഉൾപ്പെടെയുള്ളവ കണ്ട് സമയം കളയാതിരിക്കുക. ഇല്ലെങ്കിൽ 3 ലക്ഷം രൂപ നഷ്ടപ്പെടുന്നതിനൊപ്പം സഹിക്കാനാകാത്ത വേദനയും അനുഭവിക്കേണ്ടി വരും’ ഷക്കീല മുന്നറിയിപ്പ് നൽകി.
ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് ജനിച്ച ഷക്കീല സി. ബീഗം, ആർ.ജെ. പ്രസാദ് സംവിധാനം ചെയ്ത കിന്നാരത്തുമ്പികൾ (2000) എന്ന ചിത്രത്തിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. വെറും 12 ലക്ഷം രൂപ ബജറ്റിൽ നിർമിച്ച ഈ ചിത്രം 4 കോടി രൂപയിലധികം കലക്ഷൻ നേടി ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചു. ഇതോടെ കേരളത്തിൽ ഷക്കീല തരംഗം ആരംഭിക്കുകയും, അന്നത്തെ പ്രമുഖ നായകനടന്മാരുടെ ചിത്രങ്ങളെപ്പോലും പിന്നിലാക്കുന്ന വൻ വിജയം ഷക്കീല ചിത്രങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
പിന്നീട് ഛോട്ടാ മുംബൈ, തേജാഭായ് ആന്റ് ഫാമിലി തുടങ്ങിയ മുഖ്യധാര മലയാള ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്ന ഷക്കീല അഴകിയ തമിഴ് മകൻ, ബോസ് എങ്കിര ഭാസ്കരൻ, ശിവ മനസുല ശക്തി, മരു മലർച്ചി, ബംഗാരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

