ഏറ്റവും ശക്തനായ സംവിധായകൻ
text_fieldsഷാജി എൻ. കരുൺ 1970ൽ കോളജ് വിദ്യാഭ്യാസത്തിനുശേഷം എന്നെ കാണാൻ വന്നത് ഇന്നും ഞാനോർക്കുന്നു. ആ ചെറുപ്പക്കാരന്റെ കണ്ണിലെ തിളക്കവും ഭവ്യതയും സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. മാത്രമല്ല, അദ്ദേഹം തന്റെ കാമറയിലെടുത്ത കുറെ ചിത്രങ്ങൾ എന്നെ കാണിച്ചു. അസാധാരണമായ ദൃശ്യഭംഗിയായിരുന്നു അതിനെല്ലാം.
ആ സ്റ്റിൽ ഫോട്ടോകളുടെ പ്രത്യേകത കണക്കിലെടുത്ത് അവയിൽ ചിലത് ഞാൻ ചിത്രലേഖ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവനീറിൽ കൊടുക്കാനായി അപ്പോൾതന്നെ മാറ്റിവെക്കുകയും ചെയ്തു. ഷാജിയുടെ ആ വരവിന്റെ ലക്ഷ്യം ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേരുന്നതിെനക്കുറിച്ച് കൂടുതൽ അറിയാൻകൂടിയായിരുന്നു. അന്ന് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ മാനേജർ ആയിരുന്ന മുകുന്ദനെ ഞാൻ ഷാജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
തിരുവനന്തപുരത്ത് താമസിക്കുന്ന മുകുന്ദന്റെ അയൽക്കാരൻ കൂടിയായിരുന്നു അന്ന് ഷാജി. ഷാജി അങ്ങനെ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ നൽകുകയും അദ്ദേഹത്തിന് അഡ്മിഷൻ ലഭിക്കുകയും ചെയ്തു. വീണ്ടും ഷാജി എന്നെ കാണാൻ വന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ് തുടങ്ങാൻ പോകുന്നു, ഉടൻതന്നെ അങ്ങോട്ടേക്ക് പോകുന്നു എന്നറിയിക്കാനായിരുന്നു അത്. പുണെയിലെ സുഹൃത്തുക്കളെ ബന്ധപ്പെടുത്തി തരണമെന്നും അദ്ദേഹം പറഞ്ഞു.
അതുപ്രകാരം അവിടെയുള്ള എന്റെ സുഹൃത്തുക്കളെ ഞാൻ പരിചയപ്പെടുത്തിക്കൊണ്ട് കത്തുകൾ നൽകുകയും ചെയ്തു. ഷാജി അവിടെച്ചെന്ന് ചേർന്ന ശേഷം എനിക്ക് നന്ദി പറഞ്ഞ് കത്തുകൾ എഴുതുകയും ചെയ്തു. പഠനകാലത്തും തുടർന്നും ഷാജി സിനിമയുടെ സൗഹൃദലോകത്തിന്റെ ഭാഗമായി.
തുടർന്ന് അേദ്ദഹം പ്രമുഖർക്കായി കാമറ ചലിപ്പിച്ചു. ജി. അരവിന്ദന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി. സംവിധായകരായ കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലിചെയ്യാൻ തുടങ്ങി. ആ ചിത്രങ്ങളിലെ ഛായാഗ്രഹണം വെള്ളിത്തിരയിൽ ശ്രദ്ധേയമായി. തുടർന്ന് ഷാജി 1989ൽ ‘പിറവി’യിലൂടെ സംവിധായകനായി. അത് ദേശീയ പുരസ്കാരം നേടി. തുടർന്ന് നിരവധി ചിത്രങ്ങൾ.
ഞാനുമായുള്ള ഊഷ്മള ബന്ധം ശക്തമായി അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ തുടർന്നു. യാഥാർഥത്തിൽ ഞങ്ങൾ തമ്മിൽ വർക്ക് ചെയ്തിട്ടില്ല. എങ്കിലും അതിനെക്കാൾ ഹൃദ്യമായ അടുപ്പം നിലനിന്നിരുന്നു. ഏറ്റവും പ്രിയപ്പെട്ട സ്നേഹിതനെ എനിക്ക് നഷ്ടപ്പെട്ടു. മലയാളത്തിന് ഏറ്റവും ശക്തനായ ഒരു സംവിധായകനെയും.
തയാറാക്കിയത്: ഭരതന്നൂർ ഷമീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

