
ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി; ഷാരൂഖ് ഖാന്റെ മകനെ എൻ.സി.ബി ചോദ്യം ചെയ്യുന്നു
text_fieldsമുംബൈ: മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനിന്റെ മകൻ ആര്യൻ ഖാനിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. ആര്യനെതിരെ ഒരു കുറ്റവും ഇതുവരെ ചുമത്തിയിട്ടില്ലെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞതായി ഇന്ത്യ ടുഡെ റിേപ്പാർട്ട് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി റെയ്ഡ് നടത്തിയത്. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്, ഫാഷൻ, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാർട്ടിയിൽ പങ്കാളികളായിരുന്നത്. തുടർന്ന് നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോടിക്കണക്കിന് ലഹരിവസ്തുക്കൾ കണ്ടെടുത്തു.
'ക്രേ ആർക്ക്' എന്ന പേരിലാണ് ഫാഷൻ ടി.വി പരിപാടി ഒരുക്കിയത്. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്, ബുൽസിയ ബ്രോൺകോട്ട്, ദീപേഷ് ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസമുണ്ടാവുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്.
രണ്ടാം ദിവസം ഒരു മണി മുതൽ എട്ട് മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ റാവോൽ കെ, ഇന്ത്യയിൽ നിന്നുള്ള ഡി.ജെ കോഹ്റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാവുമെന്നും നോട്ടീസിലുണ്ട്. എന്നാൽ, പാർട്ടി തുടങ്ങി മണിക്കൂറുകൾക്കകം തന്നെ രഹസ്യവിവരത്തെ എൻ.സി.ബി സംഘം കപ്പൽ റെയ്ഡ് ചെയ്യുകയായിരുന്നു.
