പതിവ് തെറ്റിച്ച് ഷാരൂഖ്; ഈ പിറന്നാളിൽ ആരാധകർക്ക് നിരാശ
text_fieldsഎല്ലാ വർഷവും ഷാരൂഖ് ഖാൻ തന്റെ ജന്മദിനത്തിൽ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. ഈ വർഷവും, നൂറുകണക്കിന് ആരാധകർ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ക്ഷമയോടെ കാത്തിരുന്നു. ഷാരൂഖിന്‍റെ വീടായ മന്നത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വൈകുന്നേരത്തോടെ ജനക്കൂട്ടം വൻതോതിൽ തടിച്ചുകൂടി. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇത്തവണ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ലെന്ന് ഷാരൂഖ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
'അധികാരികളുടെ നിർദേശപ്രകാരം എനിക്കായി കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ അഭിവാദ്യം ചെയ്യാൻ എനിക്ക് കഴിയില്ല. എല്ലാവരോടും എന്റെ അഗാധമായ ക്ഷമാപണം. എല്ലാവരുടെയും മൊത്തത്തിലുള്ള സുരക്ഷക്കാണ് ഇത് എന്ന് അദ്ദേഹം അറിയിച്ചു. മനസ്സിലാക്കിയതിന്, എന്നെ വിശ്വസിച്ചതിന് നന്ദി... നിങ്ങളെക്കാൾ കൂടുതൽ, നിങ്ങളെ കാണുന്നത് നഷ്ടമാകുന്നത് എനിക്കാണ്. നിങ്ങളെ എല്ലാവരെയും കാണാനും സ്നേഹം പങ്കിടാനും ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. എല്ലാവരെയും സ്നേഹിക്കുന്നു...' -ഷാരൂഖ് കുറിച്ചു.
ഇന്നലെയായിരുന്നു ഷാരൂഖിന്‍റെ പിറന്നാൾ. മന്നത്തിന് പുറത്തുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്‍റെ പിറന്നാൾ ആഘോഷിക്കാൻ മുബൈയിൽ എത്തി. എന്നാൽ മന്നത്തിൽ കൂടുതൽ നിലകൾ കൂട്ടിച്ചേർക്കുന്നതിനാൽ നടനും കുടുംബവും താൽക്കാലികമായി മറ്റൊരു ആഡംബര അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്. എന്നിരുന്നാലും, ഷാരൂഖ് തങ്ങളെ അഭിവാദ്യം ചെയ്യാൻ മന്നത്തിലേക്ക് എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.
താരത്തിന്റെ 60-ാം പിറന്നാൾ ആഘോഷങ്ങൾ അലിബാഗിലെ അദ്ദേഹത്തിന്റെ പ്രോപ്പർട്ടിയിൽ നടന്നു. നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ആഘോഷത്തിൽ പങ്കെടുത്തു. നടന് ആശംസകൾ നേർന്നുകൊണ്ട് ഫറ ഖാൻ പാർട്ടിയിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടു. കരൺ ജോഹറും ആഘോഷത്തിന്റെ ചില ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

