സിഗ്നേച്ചർ പോസുമായി ആരാധകർക്കു മുന്നിൽ ഷാറൂഖ് ഖാൻ; ഗിന്നസ് റെക്കോര്‍ഡ് !
text_fieldsആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടൻ ഷാറൂഖ് ഖാനുള്ളത്. സിനിമാ തിരക്കുകൾക്കിടയിലും ആരാധകരെ കാണാനും അവരുമായി ആശയവിനിമയം നടത്താനും നടൻ സമയം കണ്ടെത്താറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് എസ്. ആർ.കെ.
ജന്മദിനത്തിലും ഈദ് പോലുള്ള വിശേഷാവസരങ്ങളിലും എസ്. ആർ.കെ തന്റെ വസതിയായ മന്നത്തിന്റെ മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. ഇപ്പോഴിതാ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് എസ്. ആർ.കെ ഫാൻസ്.
കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ചിത്രമായ പത്താന്റെ ടെലിവിഷൻ പ്രീമിയറിന്റെ ഭാഗമായി നടൻ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു. മന്നത്തിന്റെ മുന്നിലായിരുന്നു കൂടിക്കാഴ്ച. പത്താനിലെ സൂപ്പർ ഹിറ്റ് ഗാനമായ ഝൂമേ ജോ പഠാൻ എന്ന ഗാനത്തിന് ചുവടുവെക്കുകയും തന്റെ സിഗ്നേച്ചർ പോസ് ആരാധകർക്കായി കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഷാറൂഖ് ഖാനെ കാണാൻ 300 ഓളം പേരാണ് മന്നത്തിന് മുന്നിൽ എത്തിയത്. ഇവരും നടനോടൊപ്പം തന്റെ സിഗ്നേച്ചർ പോസ് അവതരിപ്പിച്ചിരുന്നു. ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ നടന്റെ സിഗ്നേച്ചർ പോസ് അനുകരിച്ചതാണ് ഗിന്നസ് നേട്ടത്തിലേക്ക് നയിച്ചത്.
2023 ജനുവരി 25നാണ് പത്താൻ തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ചിത്രം തിയറ്ററിൽ നിന്ന് 1,050.3 കോടി രൂപ സ്വന്തമാക്കിയിരുന്നു. മാർച്ച് 22നാണ് പത്താൻ ഒ.ട.ടിയിൽ സ്ട്രീം ചെയ്തത്. ജൂൺ 18 നാണ് ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ.
ഇടവേളക്ക് ശേഷം ബോളിവുഡിൽ സജീവമായിരിക്കുകയാണ് ഷാറൂഖ് ഖാൻ.അറ്റ് ലി സംവിധാനം ചെയ്യുന്ന ജവാൻ, രാജ്കുമാർ ഹിറാനിയുടെ ഡങ്കി എന്നിവയാണ് ഇനി വരാനിരിക്കുന്ന എസ്.ആർ.കെ ചിത്രങ്ങൾ. സൽമാൻ ഖാൻ നായകനാവുന്ന ടൈഗർ 3ലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

