തിയറ്ററുകളിൽ ഇപ്പോഴും പത്താൻ, റെക്കോഡ് നേട്ടവുമായി ചിത്രം; കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് യഷ് രാജ് ഫിലിംസ്
text_fieldsഇന്ത്യൻ സിനിമാ ലോകത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ഷാറൂഖ് ഖാൻ ചിത്രമായ പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം 50 ദിവസങ്ങൾക്ക് ശേഷവും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് യഷ് രാജ് ഫിലിംസ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ കളക്ഷൻ പങ്കുവെച്ചിരിക്കുന്നത്
ആഗോളതലത്തിൽ 1046.60 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയ പത്താൻ ഇന്ത്യയിൽ നിന്ന് മാത്രം 655 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 391.60 ആണ് പത്താന്റെ ഓവർസീസ് കളക്ഷൻ.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. റിലീസ് ചെയ്ത ആദ്യദിനം തന്നെ100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു.
2018 ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ ബോളിവുഡിൽ നിന്ന് ഷാറൂഖ് ഖാൻ ഇടവേള എടുത്തിരുന്നു. പിന്നീട് അഞ്ച് വർഷത്തിന് ശേഷമാണ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പത്താനിൽ എസ്.ആർ.കെക്കൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും പ്രധാനവേഷത്തിൽ എത്തിയിരുന്നു.