2023 ഷാറൂഖ് കൊണ്ടുപോയി; ഇന്ത്യൻ സിനിമയിൽ പുതുചരിത്രം സൃഷ്ടിച്ച് കിങ് ഖാൻ
text_fieldsമികച്ച ഒരുപിടി ചിത്രങ്ങളാണ് 2023 ൽ തിയറ്ററുകളിലെത്തിയത്. ഈ വർഷം പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു. കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യൻ സിനിമാ മേഖല പൂർണ്ണമായും തിരികെ എത്തിയിട്ടുണ്ട്.
2023 ൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടൻ ഷാറൂഖ് ഖാനാണ്. പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. 2500 കോടിയാണ് മൂന്ന് സിനിമകളിൽ നിന്നുമായി കളക്ഷൻ ഇനത്തിൽ നടൻ നേടിയത്. ഇതോട ഇന്ത്യൻ സിനിമയിലെ മാൻ ഓഫ് ദ് ഇയർ ആയിരിക്കുകയാണ് എസ്.ആർ.കെ.
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ അഭിനയിച്ച ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023 ജനുവരി 25 നായിരുന്നു തിയറ്ററുകളിലെത്തിയത്.225 കോടി ബജറ്റിലൊരുങ്ങിയ പത്താൻ 1,050.30 കോടിയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്.
2023 പകുതിയോടെ റിലീസ് ചെയ്ത ചിത്രമാണ് ജവാൻ. അറ്റ്ലി സംവിധാനം ചെയ്ത ചിത്രം 1,148.32 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഡങ്കിയാണ് വർഷാവസാനത്തിൽ റിലീസിനെത്തിയ കിങ് ഖാൻ ചിത്രം. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രം 340 കോടി രൂപയാണ് 10 ദിവസം കൊണ്ട് നേടിയിരിക്കുന്നത്. ഡങ്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

