‘പപ്പാ, എന്തിനാണ് ഇത് ചെയ്യുന്നത്? നിങ്ങളുടെ ഇമേജ് നശിക്കും’; റിയാലിറ്റി ഷോ ചെയ്യുന്നതിന് മക്കളുടെ എതിർപ്പുണ്ടായിരുന്നുവെന്ന് വീരേന്ദർ സേവാഗ്
text_fieldsവീരേന്ദർ സേവാഗ് മക്കളോടൊപ്പം
ഒ.ടി.ടി റിയാലിറ്റി ഷോയായ 'റൈസ് ആൻഡ് ഫാൾ' രണ്ടാം സീസണിലൂടെ അവതാരകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സേവാഗ്. ക്രിക്കറ്റ് കമന്റേറ്റർ എന്ന നിലയിൽ തിളങ്ങിയ സേവാഗിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാണ് ഈ റിയാലിറ്റി ഷോ.
എന്നാൽ ഈ ഷോ ചെയ്യുന്നതിനോട് മക്കളായ ആര്യവീറിനും വേദാന്തിനും തുടക്കം മുതൽ തന്നെ താത്പര്യമുണ്ടായിരുന്നില്ലെന്ന് സെവാഗ് തുറന്നു പറയുന്നു. റിയാലിറ്റി ഷോകളിലെ ഒഴിവാക്കാനാവാത്ത ഘടകമായ വഴക്കും ബഹളവും തർക്കങ്ങളും തന്റെ അച്ഛന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്നായിരുന്നു മക്കളുടെ ഏറ്റവും വലിയ പേടി.ഒരു അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘പപ്പാ എന്തിനാണ് ഈ ഷോ ചെയ്യുന്നത്, ഇത്തരം ഷോകളിൽ എപ്പോഴും വഴക്കും തർക്കങ്ങളും ഉണ്ടാകും. അതിന്റെ പേരിൽ ആളുകൾ നിങ്ങളെ തെറി വിളിച്ചാലോ, നിങ്ങളുടെ ഇമേജ് നശിച്ചാലോ’ എന്നാണ് മക്കൾ തന്നോട് ചോദിച്ചതെന്ന് സേവാഗ് പറഞ്ഞു.
വർഷങ്ങളായി ക്രിക്കറ്റ് കമന്ററിയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഷോകളും മാത്രം ചെയ്തു വന്ന തനിക്ക് ജീവിതത്തിൽ പുതിയൊരു പരീക്ഷണം നടത്താൻ തോന്നിയതുകൊണ്ടാണ് 'റൈസ് ആൻഡ് ഫാൾ' ഏറ്റെടുത്തതെന്ന് സെവാഗ് മക്കൾക്ക് മറുപടി നൽകി. മാത്രമല്ല, ഷോയിൽ മത്സരാർഥികൾ തമ്മിൽ വഴക്കുണ്ടായാൽ അത് പറഞ്ഞു തീർക്കേണ്ടതും അവരെ സമാധാനിപ്പിക്കേണ്ടതും അവതാരകൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും താൻ അത് ഭംഗിയായി ചെയ്യുമെന്നും ഞാൻ മക്കളോട് പറഞ്ഞു.
എന്നിട്ടും മക്കൾക്ക് പൂർണ തൃപ്തിയായിട്ടില്ലെന്നും "ഓക്കേ, പക്ഷെ ഇത് ശരിയല്ല" എന്ന മറുപടിയാണ് അവർ നൽകിയതെന്നും സെവാഗ് ചിരിയോടെ പറഞ്ഞു. അതേസമയം സെപ്റ്റംബർ 26 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ആണ് റൈസ് ആൻഡ് ഫാൾ രണ്ടാം സീസൺ സ്ട്രീമിങ് ആരംഭിക്കുന്നത്. ആദ്യ സീസണിൽ ആഷ്നീർ ഗ്രോവർ ആയിരുന്നു അവതാരകനെങ്കിൽ രണ്ടാം സീസണിൽ ആ സ്ഥാനത്തേക്ക് സേവാഗ് എത്തുകയാണ്.
15 മത്സരാർഥികളാണ് രണ്ടാം സീസണിൽ എത്തുന്നത്. ഈ സീസണിൽ ബിഗ് ബോസ് ഫെയിം പ്രിയങ്ക ചഹർ ചൗധരി, രാഷ്ട്രീയ നേതാവ് തേജ് പ്രതാപ് യാദവ്, ഭോജ്പുരി താരം കാജൽ രഘ്‌വാനി, കണ്ടന്റ് ക്രിയേറ്റർ രാജ് ഗ്രോവർ തുടങ്ങി സിനിമ, രാഷ്ട്രീയം, സോഷ്യൽ മീഡിയ മേഖലകളിൽ നിന്നുള്ള പ്രമുഖർ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

