എന്തിന് ക്ഷേത്രത്തിൽ വരണം; ഹോട്ടൽ മുറിയിൽ പോയ്ക്കൂടെ -തിരുപ്പതി ക്ഷേത്രത്തിൽ ആദിപുരുഷ് സംവിധായകൻ നടിയെ ചുംബിച്ചതിനെതിരെ പൂജാരി
text_fieldsഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ആദിപുരുഷ് സംവിധായകൻ നടിയെ ചുംബിച്ചതിനെ വിമർശിച്ച് തെലങ്കാന ചിൽകൂർ ബാലാജി ക്ഷേത്ര പൂജാരി. ജൂൺ ഏഴിനാണ് സംഭവം. ''എതിർക്കപ്പെടേണ്ട പ്രവൃത്തിയാണിത്. ഭാര്യയും ഭർത്താവും പോലും ക്ഷേത്രത്തിൽ വന്ന് ഇങ്ങനെ ചെയ്യില്ല. നിങ്ങൾക്ക് ഹോട്ടൽ മുറിയിൽ പോയി ഇതൊക്കെ ചെയ്യാമായിരുന്നു. രാമായണത്തെയും സീതയെയും അപമാനിക്കുന്നതാണ് നിങ്ങളുടെ സ്വഭാവം.''-എന്നാണ് പൂജാരി പറഞ്ഞത്.
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങാൻ നേരമാണ് യാത്ര പറഞ്ഞ ശേഷം സംവിധായകൻ ഓം റാവുത്ത് നടി കൃതി സനോന്റെ കവിളിൽ ചുംബിച്ചത്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലാണ് ഇരുവരും ദർശനത്തിന് എത്തിയത്.
ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവത്തെ വിമർശിച്ച് ബി.ജെ.പി സ്റ്റേറ്റ് സെക്രട്ടറി രമേഷ് നായിഡു ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി.