തക്കാളിയും സീലിങ് ഫാനുമൊക്കെ കാണുന്നത് തന്നെ ഭയമാണ്! ബോളിവുഡിലെ ചില വിചിത്ര പേടികൾ
text_fieldsഈ ലോകത്ത് മനുഷ്യർക്ക് എന്തിനോടെങ്കിലും പേടി ഉണ്ടാവും. എന്നാൽ കേൾക്കുന്നവർക്ക് വിചിത്രമായി തോന്നിയക്കാവുന്ന ചില പേടികളുമുണ്ട്. പേടിക്കേണ്ട ഒരു കാര്യവുമില്ലാത്ത ചില വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ചിലര്‍ വെച്ചുപുലര്‍ത്തുന്ന അകാരണമായ പേടിയാണ് ഫോബിയ. വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും ചെറുപ്പകാലത്ത് ചില വസ്തുക്കളോ, ജീവികളോ, സാഹചര്യങ്ങളോ മനസിലുണ്ടാക്കിയ ആഘാതമാണ് പലപ്പോഴും ഫോബിയകളായി മാറുന്നത്. ചില ഫോബിയകൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി അല്‍പം ഗൗരവമുള്ളതാണ്. ഒരു വ്യക്തിയെ ശാരീരികമായും വൈകാരികമായും ഇത്തരം ഫോബിയകള്‍ ബാധിക്കും.
സിനിമയിലെ താരങ്ങള്‍ക്കും വിചിത്രമായ ചില ഫോബിയകളുണ്ട്. ബോളിവുഡ് താരം കത്രീന കൈഫിന് തക്കാളിയോടാണ് പേടി. ലൈക്കോപെർസിക്കോ ഫോബിയ (Lycopersicoa phobia) എന്നാണ് ഇതറിയപ്പെടുന്നത്. 'സിന്ദ്ഗി നാ മിലേ ദുബാര'യിലെ തക്കാളി ഫെസ്റ്റിവല്‍ സീനോടെയാണ് ഈ ഫോബിയ വര്‍ധിച്ചതത്രെ. ഈ തക്കാളിപ്പേടി കാരണം ടൊമാറ്റോ കെച്ചപ്പിന്‍റെ പരസ്യത്തില്‍ നിന്ന് പോലും കത്രീന വിട്ടുനിന്നിട്ടുണ്ട്. അഭിഷേക് ബച്ചന് ഫ്രക്ടോഫോബിയ (Fructophobia) ആണ്. അതായാൽ പഴങ്ങളെ പേടി. തന്‍റെ ഡയറ്റില്‍ അഭിഷേക് പഴങ്ങള്‍ ഉള്‍പ്പെടുത്താറില്ലെന്നും സംസാരമുണ്ട്.
അര്‍ജുന്‍ കപൂറിന്‍റെ പേടി സീലിങ് ഫാനിനോടാണ്. സീലിങ് ഫാനുകളോടുള്ള പേടിയെ പ്രത്യേകമായി തരംതിരിച്ചിട്ടില്ലെങ്കിലും ഇത് ഒരു പ്രത്യേക സ്ഥലത്തോടോ വസ്തുവിനോടോ ബന്ധപ്പെട്ട ഭയത്തിൽ (Situational phobia) ഉൾപ്പെടുന്നു. ഫാൻ ചലിക്കുന്നത്, ഫാനിന്‍റെ ശബ്ദം ഇതൊക്കെ ഭയം ഉണ്ടാക്കാം. ബോളിവുഡിന്‍റെ കിങ് ഷാറൂഖ് ഖാന് കുതിരകളെയാണ് പേടി. 'കരണ്‍ അര്‍ജുന്‍' സിനിമയിലെ കുതിയരോട്ട സീനോടെയാണ് ഈ ഭയം വര്‍ധിച്ചതെന്ന് ഷാരൂഖ് തന്നെ പറഞ്ഞിട്ടുണ്ട്. കുതിരകളോടുള്ള ഭയം അറിയപ്പെടുന്നത് ഇക്വിനോഫോബിയ അല്ലെങ്കിൽ ഹിപ്പോഫോബിയ എന്നാണ് (Equinophobia or Hippophobia).
ആമിര്‍ ഖാനെ പിന്തുടരുന്നത് തനാറ്റോഫോബിയയാണ് (Thanatophobia). അതായത് മരണത്തോടുള്ള അമിതമായ ഭയം. ദംഗലിന്‍റെ ഷൂട്ടിനിടയിലാണ് താരം ഇത് വെളിപ്പെടുത്തിയത്. കങ്കണക്ക് പാമ്പുകളെയാണ് പേടി. ഒഫിഡിയോഫോബിയ (Ophidiophobia) എന്ന് ഇത് അറിയപ്പെടുന്നു. രണ്‍ബീര്‍ കപൂറിന് പേടി ചിലന്തിയെയാണ്. ഇത് അരക്നോഫോബിയയാണ് (Arachnophobia). പ്രാണികളോടും പാറ്റകളോടുമൊക്കെ അകാരണമായ ഭയം വെച്ചുപുലര്‍ത്തുന്നവരുമുണ്ട്. ആകറോ ഫോബിയ (Acaro Phobia) യാണ് ഇതിന് കാരണം. ആലിയ ഭട്ടിന് ഇരുട്ട് പേടിയാണത്രെ. രാത്രി ഉറങ്ങുമ്പോള്‍ ചെറിയ ഡിം ലൈറ്റ് ഇട്ടാണ് കിടക്കാറുള്ളതെന്ന് താരം പറയുന്നു. അക്ലുഫോബിയയാണ് (Achluophobia)ഇതിന് കാരണം. ഇരുട്ടിനോടുള്ള അമിത ഭയമാണ് നിക്റ്റോഫോബിയ (Nycto phobia). സോനം കപൂറിനുള്ളത് ക്ലോസ്ട്രോഫോബിയ (Claustrophobia)യാണ്. അതായത് ഇടുങ്ങിയ സ്ഥലങ്ങളോടുളള ഭയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

