നമ്മുടെ ‘തല’യെ കണ്ടു; സന്തോഷ നിമിഷം പങ്കുവച്ച് നദിയ മൊയ്ദു
text_fieldsധോണി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ മഹേന്ദ്ര സിങ് ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് നിർമിക്കുന്ന സിനിമയാണ് എല്‍.ജി.എം. സിനിമയുടെ ഓഡിയോ, ട്രെയ്‌ലര്‍ ലോഞ്ച് തിങ്കളാഴ്ച ചെന്നൈ ലീല പാലസില്‍ നടന്നിരുന്നു. ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭം വിശിഷ്ട അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ലോഞ്ച് ചെയ്തത് ധോണിയും സാക്ഷിയും ചേര്‍ന്നാണ്. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, ഇവാന, നദിയ മൊയ്ദു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഇപ്പോഴിതാ ലേഞ്ച് ചടങ്ങിൽവച്ച് ധോണിയെ കണ്ടപ്പോഴെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി നദിയ മൊയ്ദു. നമ്മുടെ തല ധോണിയെ കാണാനും അദ്ദേഹത്തിന്‍റെ നിർമാണ സംരഭത്തിൽ ഭാഗഭാക്കാകാനും ഭാഗ്യമുണ്ടായത് വലിയ ബഹുമതിയാണെന്ന് നദിയ സമൂഹമാധ്യമത്തിൽ കുറിച്ചു.
താന്‍ സിനിമ കണ്ടെന്നും ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും ധോണി ലോഞ്ചിങ് ചടങ്ങിൽ പറഞ്ഞിരുന്നു. ‘സിനിമ എടുക്കണമെന്ന് സാക്ഷി പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് വീട് ഉണ്ടാക്കുന്നതുപോലെയല്ല സിനിമ ചെയ്യുന്നതെന്നാണ്. ആദ്യം ഒരു തീരുമാനത്തില്‍ എത്തി കഴിഞ്ഞാല്‍ പിന്നീട് അത് മാറ്റാന്‍ കഴിയില്ല. ഒരു തീരുമാനം എടുത്ത് മുന്നോട്ട് പോകണം. ബാക്കി എല്ലാം മറന്നുകൊണ്ട് തന്നെ മുന്നോട്ട് പോകണം. അങ്ങനെ മുന്നോട്ട് പോയതുകൊണ്ട് തന്നെയാണ് ഇത്രയും വേഗം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീര്‍ക്കുവാന്‍ കഴിഞ്ഞത്.
ഞാന്‍ ആകെ പറഞ്ഞ കാര്യം നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്നാണ്. കാസ്റ്റിനും ക്രൂവിനും നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആവശ്യം. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. എന്റെ ടെസ്റ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലാണ്. ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ഞാന്‍ നേടിയത് ചെന്നൈയിലാണ്. ചെന്നൈയില്‍ എനിക്ക് അഭിമാനിക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സിനിമ കുറച്ച് സമയത്തിനുള്ളില്‍ വരും. അത് രസകരമായിരിക്കും,’ ധോണി പറഞ്ഞു.
ഈ ചിത്രം തമിഴില്‍ നിര്‍മിക്കാന്‍ കാരണം ധോണിയാണ്. ഞങ്ങളുടെ ആദ്യ സിനിമയായതിനാല്‍ തമിഴില്‍ ചെയ്യാന്‍ ആഗ്രഹിച്ചു. ഈ സിനിമയ്ക്ക് മാത്രമല്ല, ബാക്കിയുള്ള പ്രോജക്റ്റുകള്‍ക്കും ഞങ്ങള്‍ക്ക് ഇതുപോലൊരു തുടക്കം ആവശ്യമാണ്. അങ്ങനെയുള്ള തുടക്കം ലഭിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ചെന്നൈ’ -സാക്ഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

