സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് ഇ.ഡി
text_fieldsകൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചി ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ കരാർ ഒപ്പുവെച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയസൂര്യയെ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്.
സേവ് ബോക്സ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഓൺലൈൻ ലേല പ്ലാറ്റ്‌ഫോം വഴി വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി നേരത്തെ തന്നെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കുറഞ്ഞ വിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ആപ്പ് ജനങ്ങൾക്ക് മുന്നിലെത്തിയത്. ലേലത്തിൽ പങ്കെടുക്കുന്നതിനായി സേവ് ബോക്സ് നൽകുന്ന വിർച്വൽ കോയിനുകൾ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചാണ് ലേലം നടത്തുക.
അതേസമയം, സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. 2023ൽ സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ് കേസിൽ സ്ഥാപന ഉടമയും തൃശൂർ സ്വദേശിയുമായ സ്വാതിഖ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായുള്ള സംശയങ്ങൾ ഉയർന്നത്.
സേവ് ബോക്സിന്റെ ലോഞ്ചിങ് ചടങ്ങുകളിലും പ്രമോഷൻ പരിപാടികളിലും നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തത് വിവാദമായിരുന്നു. സിനിമാ താരങ്ങളുടെ മുഖം ഉപയോഗിച്ച് പൊതുജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന ആരോപണങ്ങളും ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ബ്രാൻഡ് അംബാസിഡർമാരുടെയും പ്രമോഷൻ പ്രവർത്തനങ്ങളുടെയും പങ്ക് കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

