Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ'; ഇങ്ങനെത്തന്നെയാവും ശ്രീനി പറയുക, പേനയും പേപ്പറും ആവശ്യപ്പെട്ടത് ധ്യാൻ -സത്യൻ അന്തിക്കാട്

text_fields
bookmark_border
എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ; ഇങ്ങനെത്തന്നെയാവും ശ്രീനി പറയുക, പേനയും പേപ്പറും ആവശ്യപ്പെട്ടത് ധ്യാൻ -സത്യൻ അന്തിക്കാട്
cancel

ശ്രീനിവാസൻ വിടവാങ്ങുമ്പോൾ മലയാളികൾക്ക് തങ്ങളുടെ ഏറ്റവും അടുത്ത ഒരു മനുഷ്യൻ മരിച്ചു പോയതിന്‍റെ ശൂന്യതയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടാണ് ധ്യാനിനും വിനീതിനുമൊപ്പം നമ്മളും കരഞ്ഞത്. പ്രിയ സുഹൃത്തിന്‍റെ വിയോഗത്തിൽ തകർന്ന് നിൽക്കുന്ന സത്യൻ അന്തിക്കാടിനെ കണ്ടപ്പോൾ നമ്മുടെ മനസ്സുലഞ്ഞത്. ആരായിരുന്നു മലയാളിക്ക് ശ്രീനിവാസൻ.... എന്തായിരുന്നു സിനിമകളിലൂടെ അദ്ദേഹം നമ്മളോട് പറയാൻ ശ്രമിച്ചത്. അതിനൊല്ലാം ഉത്തരമായിരുന്നു ചിതയൊരുങ്ങും മുമ്പ് സത്യൻ അന്തിക്കാട് ശ്രീനിവാസന്‍റെ നെഞ്ചോട് ചേർത്തു വെച്ച ആ കടലാസിൽ....

'എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ' എന്നെഴുതിയ ഒരു പേപ്പറും പേനയും ഇന്നലെ ശ്രീനിവാസനൊപ്പം എരിഞ്ഞടങ്ങിയത് നമ്മൾ കണ്ടതാണ്. പെട്ടെന്നാണ് ധ്യാൻ അങ്ങനെയൊരു ആവശ്യം പറഞ്ഞതെന്ന് സത്യൻ അന്തിക്കാട് പറയുന്നു. തിരക്കഥ എഴുതാനിരിക്കുമ്പോൾ ശ്രീനി പഠിപ്പിച്ച ഒരു പാഠമുണ്ട്. നമുക്കു വേണ്ടിയല്ല സംഭാഷണങ്ങൾ എഴുതുന്നത്, കഥാപാത്രങ്ങൾക്കുവേണ്ടിയാണ്. ഇവിടെ ശ്രീനിയാണ് കഥാപാത്രം. ശ്രീനിയാണ് യാത്രപോകുന്നത്. ഭൂമിയിലെ അന്ത്യനിമിഷത്തിൽ എല്ലാവർക്കും നന്മനേരുകയല്ലാതെ നമുക്കെല്ലാവർക്കും മറ്റെന്താണ് പറയാനുണ്ടാവുക? ഇങ്ങനെത്തന്നെയാവും ശ്രീനി പറയുകയെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറയുന്നു. സന്ദർഭമറിയാതെ ശ്രീനി ഇന്നേവരെ ഒരു വരിപോലും എഴുതിയിട്ടില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്താണ് ധ്യാൻ പിതാവിനെ യാത്രയാക്കിയത്. അഗ്നിപകരുന്നതിന് മുമ്പാണ് ശ്രീനിവാസന്‍റെ ഭൗതികശരീരത്തിന് അരികിലേക്ക് ധ്യാൻ എത്തിയത്. തുടർന്ന് ഭൗതികശരീരത്തിൽ സ്പർശിച്ച ശേഷം ധ്യാൻ മുഷ്ടി ചുരുട്ടി പിതാവിന് അഭിവാദ്യം നൽകി.

പൊതുദർശനത്തിന് ശേഷം രാവിലെ പത്ത് മണിയോടെ വീടിന്‍റെ പൂമുഖത്തെത്തിച്ച ഭൗതികശരീരത്തിൽ പ്രാർഥനകളടക്കം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് ചിതയിലേക്ക് എടുക്കുകയും അവിടെവെച്ച് ഭാര്യ വിമലയും മക്കളും മരുമക്കളും ബന്ധുക്കളും അന്ത്യചുംബനം നൽകി. കർമങ്ങൾ പൂർത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാർഡ് ഓഫ് ഹോണർ നൽകിയ ശേഷം വിനീത് ചിതക്ക് അഗ്നി പകർന്നു.

ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് ശ്രീനിവാസൻ അന്തരിച്ചത്. ഭാര്യക്കൊപ്പം ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത തോന്നി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ടരയോടെ ശ്രീനിവാസൻ വിടപറഞ്ഞു. താലൂക്ക് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖർ എത്തിയിരുന്നു. തുടർന്ന് ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരം നാല് മണിയോടെ വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. വീട്ടിലും ടൗൺഹാളിലും ആയിരങ്ങളാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sathyan anthikad about sreenivasans funeral
Next Story