ടൂറിസ്റ്റ് ഫാമിലിയുടെ വിജയത്തിന് ശേഷം പ്രതിഫലം വർധിപ്പിക്കുമോ? ശശികുമാർ പ്രതികരിക്കുന്നു
text_fieldsശശികുമാർ
മേയ് ഒന്നിന് തിയറ്ററിൽ എത്തിയ തമിഴ് ഫാമിലി ഡ്രാമയാണ് ടൂറിസ്റ്റ് ഫാമിലി. നാനിയുടെ ഹിറ്റ് 3, സൂര്യയുടെ റെട്രോ തുടങ്ങിയ വമ്പൻ ചിത്രങ്ങളുമായി മത്സരിച്ചെങ്കിലും അഭിഷാൻ ജീവന്ത് സംവിധാനം ചെയ്ത ചിത്രം വൻ വിജയമായി. സാധാരണയായി സിനിമകൾ വിജയിക്കുമ്പോൾ താരങ്ങൾ പ്രതിഫലം വർധിപ്പിക്കാറുണ്ട്. ടൂറിസ്റ്റ് ഫാമിലിയുടെ വിജയത്തിന് ശേഷം പ്രതിഫലം ഉയർത്തുമോ എന്നതിൽ പ്രതികരിച്ചിരിക്കുകയാണ് ശശികുമാർ.
അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ, ടൂറിസ്റ്റ് ഫാമിലിയാണ് തന്റെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന് ശശികുമാർ വെളിപ്പെടുത്തി. സുന്ദരപാണ്ഡ്യൻ, കുട്ടി പുലി എന്നീ ചിത്രങ്ങളുടെ മൊത്തം കളക്ഷനെയും ഇത് മറികടന്നു. ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 2.5 കോടി രൂപ നേടിയതായി ശശികുമാർ പറഞ്ഞു. വിജയം നേടിയെങ്കിലും, പ്രതിഫലം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'ടൂറിസ്റ്റ് ഫാമിലി എന്റെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമാണ്, കുട്ടി പുലി, സുന്ദരപാണ്ഡ്യൻ എന്നിവയെ മറികടന്നു. ആദ്യ ദിവസം തന്നെ അത് ഏകദേശം 2.5 കോടി രൂപ കളക്ഷൻ നേടി, ഇത് എന്റെ മുൻ ചിത്രങ്ങളുടെ ലൈഫ് ടൈം ബോക്സ് ഓഫിസ് കളക്ഷന് തുല്യമാണ്. ഈ വിജയം കാരണം ഞാൻ എന്റെ ശമ്പളം വർധിപ്പിക്കാൻ പോകുന്നില്ല' -ശശികുമാർ പറഞ്ഞു.
മില്യൺ ഡോളർ സ്റ്റുഡിയോസും എം.ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിച്ച ടൂറിസ്റ്റ് ഫാമിലി ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ വാരാന്ത്യത്തിൽ 10 കോടി രൂപ കളക്ഷൻ ചിത്രം സ്വന്തമാക്കി. ചിത്രം ബജറ്റിന്റെ 100 ശതമാനവും തിരിച്ചുപിടിച്ചിട്ടുണ്ട്. 16 കോടിയായിരുന്നു ചിത്രത്തിന്‍റെ നിർമാണ ചെലവ്.
ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് കുടിയേറുന്ന കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമലേഷ്, യോഗി ബാബു, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി, യോഗലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

