സിനിമ പ്രമോഷനിടെ പ്രദീപ് രംഗനാഥനോട് അനാവശ്യ ചോദ്യം, ഉചിതമായ മറുപടി നൽകി ശരത് കുമാർ
text_fieldsസിനിമ താരങ്ങളുടെ സ്വകാര്യതയെ പലപ്പോഴും മാനിക്കാതെയാണ് പലരും ചോദ്യങ്ങൾ ചോദിക്കുന്നത്. അത്തരത്തിലെ പല ചോദ്യങ്ങളും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, യുവ നടൻ പ്രദീപ് രംഗനാഥനും അത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നിരിക്കുകയാണ്. തന്റെ വരാനിരിക്കുന്ന റൊമാന്റിക് ആക്ഷൻ കോമഡി ചിത്രമായ ഡ്യൂഡിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഭവം.
'ഹീറോ മെറ്റീരിയൽ അല്ലാതിരുന്നിട്ടും എങ്ങനെയാണ് സിനിമകൾ വിജയിക്കുന്നത്' എന്നായിരുന്നു ഒരാൾ താരത്തോട് ചോദിച്ചത്. ചോദ്യത്തെ നെഗറ്റീവ് ആയി എടുക്കരുതെന്ന് തെലുങ്ക് റിപ്പോർട്ടർ അഭ്യർഥിച്ചു. 'നിങ്ങൾ ഹീറോ മെറ്റീരിയൽ പോലെയല്ല. പക്ഷേ സിനിമകളിൽ വിജയിക്കുന്നു. നിങ്ങൾ അത് ഭാഗ്യമാണോ അതോ കഠിനാധ്വാനമാണോ എന്ന് പറയുമോ?' എന്നതായിരുന്നു ചോദ്യം. എന്നാൽ ചോദ്യം കേട്ടതോടെ മുതിർന്ന നടൻ ശരത്കുമാർ ഇടപെടുകയും ഉചിതമായ മറുപടി നൽകുകയും ചെയ്തു.
'ഞാൻ ഈ ഇൻഡസ്ട്രിയിൽ വളരെക്കാലമായി ഉണ്ട്. 170 സിനിമകൾ ചെയ്തിട്ടുണ്ട്. ആരാണ് ഹീറോ മെറ്റീരിയൽ എന്ന് നിങ്ങൾക്ക് പറയാനാവില്ല. എല്ലാവരും ഹീറോ മെറ്റീരിയൽ ആണ്. ഒരു നായകനെപ്പോലെ തോന്നിപ്പിക്കാൻ പ്രത്യേകതമായ അടയാളങ്ങളൊന്നുമില്ല. സമൂഹത്തിന് ഗുണം ചെയ്യുന്ന ഏതൊരു പ്രവൃത്തി ചെയ്യുന്ന വ്യക്തിയും ഒരു ഹീറോയാണ്' -ശരത് കുമാർ പറഞ്ഞു.
ശരത്കുമാറിന്റെ മറുപടി കേട്ട് കൈയടിയും സദസിൽ നിന്നും വിസിലുകളും ഉയർന്നു. സംഭവം സോഷ്യൽ മീഡിയയിലും വൈറലായി. പൊതുവേദിയിൽ ഇത്തരമൊരു ചോദ്യം ചോദിച്ചതിൽ ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ഞെട്ടൽ പ്രകടിപ്പിച്ചു. സംഭവത്തിന്റെ ഒരു ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് അവർ പ്രതികരിച്ചത്. നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദറും സംഭവത്തിൽ പ്രതികരിച്ചു. 'അദ്ദേഹത്തെക്കുറിച്ച് വളരെ അഭിമാനമുണ്ട്. ശരത് ഒരു യഥാർത്ഥ നായകനാണ്. എല്ലായ്‌പ്പോഴും എന്നപോലെ, മറ്റുള്ളവർക്കുവേണ്ടി നിലകൊള്ളുന്നു' -ഖുശ്ബു എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

