'വീട് പണയപ്പെടുത്തി, കാറുകൾ വിറ്റു; ആശുപത്രി കിടക്കയിൽ അദ്ദേഹത്തെ തിരിച്ചറിയാനായില്ല' -തീപിടുത്തത്തിൽ സഞ്ജയ് ഖാന് പരിക്കേറ്റതിനെക്കുറിച്ച് മകൻ
text_fields1989ൽ മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ 'ദി സ്വോർഡ് ഓഫ് ടിപ്പു സുൽത്താൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ തീപിടുത്തത്തിൽ നടനും സംവിധായകനുമായ സഞ്ജയ് ഖാന് വലിയ നഷ്ടമാണ് നേരിട്ടത്. അഗ്നിശമന ഉപകരണങ്ങളുടെ അഭാവവും സുരക്ഷ പ്രോട്ടോക്കോളുകൾ അവഗണിച്ചതുമാണ് തീപിടുത്തത്തിന് കാരണമായത്. 52 ക്രൂ അംഗങ്ങളുടെ ജീവൻ അപഹരിച്ച അപകടമായിരുന്നു അത്.
സഞ്ജയ്ക്കും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന് 65% ത്തിലധികം പൊള്ളലേറ്റിരുന്നു. 74 ശസ്ത്രക്രിയകൾക്ക് വിധേയനായ ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ സായിദ് ഖാൻ തന്റെ പിതാവിന്റെ അപകടത്തിന്റെ വൈകാരികവും സാമ്പത്തികവുമായ അനന്തരഫലങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു.
'എന്റെ അമ്മയെയും സഹോദരിമാരെയും വളരെ അസ്വസ്ഥവും വേദനാജനകവുമായ അവസ്ഥയിൽ ഞാൻ കണ്ടു. അവരെ സഹായിക്കാൻ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് മാത്രമാണ് ഞാൻ ചിന്തിച്ചത്. എത്ര പേരെ പരിപാലിക്കണമെന്ന് അറിയാതെ അവർ വലഞ്ഞിരുന്നതിനാൽ, ഒരു ബോർഡിങ് സ്കൂളിൽ പോകാൻ കഴിയുമോ എന്ന് ഞാൻ അവരോട് ചോദിച്ചു' -സിദ്ധാർഥ് കണ്ണനുമായി നടത്തിയ സംഭാഷണത്തിനിടെ സായിദ് ഓർമിച്ചു. അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ അത്ര നല്ല അവസ്ഥയിലായിരുന്നില്ല. ആ അപകടത്തിൽ ധാരാളം ആളുകൾ മരിച്ചു. ആ സമയത്ത് ഇൻഷുറൻസ് ഇല്ലായിരുന്നു, അതിനാൽ കുടുംബം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലായിരുന്നു. ഞങ്ങൾ കാറുകൾ വിറ്റു, ഓട്ടോയിൽ സഞ്ചരിക്കാൻ തുടങ്ങി. ഞങ്ങളുടെ വീട് പണയപ്പെടുത്തി. അങ്ങനെയുള്ള സമയത്ത് നിങ്ങളുടെ സുഹൃത്തുക്കൾ ആരാണെന്ന് നിങ്ങൾക്ക് ശരിക്കും മനസിലാക്കാൻ കഴിയും. ഞങ്ങൾ ആരോടും ഒരിക്കലും പക പുലർത്തുന്നില്ല. അതിനുശേഷം ഞങ്ങൾ മികച്ച കാറുകൾ വാങ്ങി വീട് തിരികെ നേടി' -നടൻ കൂട്ടിച്ചേർത്തു.
സംഭവത്തിനുശേഷം തന്റെ പിതാവിനെ ആശുപത്രിയിൽ ആദ്യമായി കണ്ടതിനെക്കുറിച്ചും സായിദ് പങ്കുവെച്ചു. 11 വയസ്സ് മാത്രമായിരുന്നു തനിക്കെന്നും അപകടത്തിനും ഒരു മാസത്തിനുശേഷം അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു കൂടിക്കാഴ്ച. 'ഐ.സി.യുവിൽ രണ്ട് കിടക്കകളുണ്ടായിരുന്നു, രണ്ടിലും പൊള്ളലേറ്റവർ. അച്ഛൻ രണ്ടാമത്തെ കിടക്കയിലാണെന്ന് കരുതി ആദ്യത്തെ കിടക്ക കടന്നുപോയി, പക്ഷേ പിന്നിൽ നിന്ന് വിളിച്ചപ്പോഴാണ് മനസിലാകുന്നത് അത് അദ്ദേഹമായിരുന്നു എന്ന്' -സായിദ് പറഞ്ഞു.
'അത് എന്റെ അച്ഛനല്ല' എന്നാണ് താൻ പറഞ്ഞതെന്ന് സായിദ് ഓർത്തു. അദ്ദേഹത്തിന്റെ തല ഒരു ഫുട്ബോൾ പോലെയായിരുന്നു, ഷീറ്റിൽ തൊലി ഉരുകി വീഴുന്ന പോലുണ്ടായിരുന്നു. 'സായിദ്, നിനക്ക് എന്നെ പേടിയുണ്ടോ?' എന്ന് സഞ്ജയ് ഖാൻ ചോദിച്ചപ്പോൾ തനിക്ക് പറയാൻ വാക്കുകൾ ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഡോക്ടർമാരും അദ്ദേഹം മരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം 74 ശസ്ത്രക്രിയകൾ കഴിഞ്ഞ് അദ്ദേഹം പഴയ ജീവിത്തത്തിലേക്ക് തിരിച്ചു വന്നു. ആ സിനിമ പൂർത്തീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

