
കൈക്കുഞ്ഞുമായി ഉംറ ചെയ്ത് സന ഖാൻ; ‘എനിക്ക് എല്ലാം നേടിത്തന്ന സ്ഥലം’
text_fieldsഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു സന ഖാൻ. ഗ്ലാമർ ലോകത്ത് നിറഞ്ഞുനിന്ന കാലത്തോട് വിട പറഞ്ഞ സന ഖാൻ പിന്നെ കുടുംബജീവിതത്തിലേക്കും ആത്മീയതയിലേക്കും വഴിമാറിയിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് അനസ് സയിദിനെ വിവാഹം ചെയ്ത ഇവർക്ക് ആദ്യത്തെ കണ്മണി പിറന്നത് അടുത്തിടെയാണ്. കുട്ടിയോടൊപ്പം ഉംറ ചെയ്തതിന്‍റെ ഫോട്ടോയും വിഡിയോയും ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് സന.
2023 ജൂലൈ അഞ്ചിനാണ് ദമ്പതികൾക്ക് ആദ്യത്തെ കൺമണി ജനിച്ചത്. ‘എനിക്ക് എല്ലാം നേടിത്തന്ന സ്ഥലം, എല്ലാ പ്രാർഥനകളും സഫലമാക്കിയ ഇടം. കണ്ണീർ പൊഴിക്കാതെ എനിക്ക് ഈ കുറിപ്പ് പൂർത്തിയാക്കാനാവില്ല’-മക്കയിലെ കഅബക്കുമുന്നിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് സന സമൂഹമാധ്യമത്തിൽ കുറിച്ചു. തങ്ങളുടെ ആൺകുഞ്ഞിന് താരിഖ് ജമീൽ എന്നാണ് അനസ്-സന ദമ്പതികൾ പേര് നൽകിയിരിക്കുന്നത്.
ഉംറ യാത്രയിൽ മദീനയിലെത്തിയ ദമ്പതികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ഖബറിടവും സന്ദർശിച്ചിരുന്നു. ‘അൽഹംദുല്ലിലാഹ്, റോസ് മുബാറക്കിനുള്ളിൽ കയറാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി’-മദീനയിലെ വിഡിയോ പങ്കുവച്ചുകൊണ്ട് സന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.