'നന്ദനത്തിലെ ബാലാമണിക്ക് വേണ്ടി സ്ക്രീൻ ടെസ്റ്റ് നടത്തിയിരുന്നു' -സംവൃത സുനിൽ പറയുന്നു
text_fieldsമലയാളി പ്രേഷകരുടെ പ്രിയ നടിയാണ് സംവൃത സുനിൽ. 2004ൽ പുറത്തിറങ്ങിയ ദിലീപ് നായകനായ രസികൻ എന്ന ചിത്രത്തിലൂടെയാണ് സംവൃത നായികയായി അഭിനയരംഗത്തേക്ക് കടക്കുന്നത്. വിവാഹജീവിതത്തിന് തുടക്കമായപ്പോൾ അവർ സിനിമ ഉപേക്ഷിച്ചു. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിനായി താൻ സ്ക്രീൻ ടെസ്റ്റ് നടത്തിയിരുന്നുവെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് നടി.
2002ൽ പുറത്തിറങ്ങിയ ചിത്രമാണ് 'നന്ദനം'. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബാലാമണിയെ നവ്യ നായരാണ് അവതരിപ്പിച്ചത്. ഇന്നും നവ്യയുടെ ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നാണിത്. 'ക്യൂ സ്റ്റുഡിയോ'ക്ക് നൽകിയ അഭിമുഖത്തിലാണ് 'നന്ദന'ത്തിനായി താൻ സ്ക്രീൻ ടെസ്റ്റ് നടത്തിയതായി സംവൃത സുനിൽ പറഞ്ഞത്.
'നന്ദനം' കാരണമാണ് സിനിമ മേഖലയുമായി ബന്ധം ഉണ്ടാകുന്നതെന്ന് സംവൃത പറഞ്ഞു. ബാലാമണിക്ക് വേണ്ടി സ്ക്രീൻ ടെസ്റ്റ് കൊടുത്തിരുന്ന ആളാണ് താൻ. അന്ന് അത് നടക്കാതെ പോയപ്പോൾ രഞ്ജിത്തിന്‍റെ ഒരു ഭാവി പ്രോജക്ടിന്‍റെ ഭാഗമായേക്കും എന്ന വിശ്വാസമുണ്ടായിരുന്നു എന്ന് സംവൃത പറഞ്ഞു.
രഞ്ജിത്താണ് 'നന്ദനം' സംവിധാനം ചെയ്തത്. സംവൃതയെ ബാലാമണിയായി പരിഗണിച്ചില്ലെങ്കിലും മോഹൻലാലിനെ നായകനാക്കി 'ചന്ദ്രോത്സവം' സംവിധാനം ചെയ്തപ്പോൾ രഞ്ജിത്ത് സംവൃതയെ പരിഗണിച്ചു. ചെറിയ വേഷമായിരുന്നെങ്കിലും ചിത്രത്തിൽ സംവൃതയുടെ മാളവിക ശ്രദ്ധിക്കപ്പെട്ടു.
അതേസമയം, നന്ദനത്തിൽ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകൻ. ഉണ്ണിയമ്മയുടെ തറവാട്ടിൽ വേലക്കാരിയായി ജോലി ചെയ്യുന്ന ബാലാമണിയെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത നവ്യ 2022ൽ പുറത്തിറങ്ങിയ 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

