സൽമാൻ ഖാന്റെ ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി പരിശീലകൻ
text_fieldsസൽമാൻ ഖാനും റാക്കേഷ് ആർ. ഉഡ്ഡിയാറും
അറുപതാം വയസ്സിലും അസൂയാർഹമായ ശരീരം നിലനിർത്തുന്ന സൽമാൻ ഖാന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ വെളിപ്പെടുത്തി, ദീർഘകാലമായി അദ്ദേഹത്തിന്റെ ട്രെയിനർ. വർക്കൗട്ടും ആരോഗ്യ ഭക്ഷണവും എന്ന അടിസ്ഥാന സിദ്ധാന്തം തന്നെയാണ് സൽമാൻ ഭായിയുടെ ആരോഗ്യ രഹസ്യമെന്ന്, 20 വർഷമായി അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനറായ റാക്കേഷ് ആർ. ഉഡ്ഡിയാർ വെളിപ്പെടുത്തുന്നു.
അർപ്പണ ബോധത്തിന്റെ രണ്ടു പതിറ്റാണ്ട്
‘ജയന്റ് സെറ്റ്’ അഥവാ കാലങ്ങളായി പലരും പിന്തുടരുന്ന സാധാരണ ബോഡി ബിൽഡിങ് തത്ത്വങ്ങൾ തന്നെയാണ് സൽമാനും തുടരുന്നതെന്നും റാക്കേഷ് പറയുന്നു. ഒന്നിനു പിറകെ ഒന്നായുള്ള, ഇടയിൽ അധികം വിശ്രമം എടുക്കാത്ത ഏതാനും വ്യായാമ മുറകളാണ് ‘ജയന്റ് സെറ്റ്’.
‘‘പുഷ്-അപ്, ഫ്ലൈ തുടങ്ങിയ ചെസ്റ്റ് എക്സർസൈസിന്റെ 10 വ്യത്യസ്ത രൂപങ്ങളാണ് സൽമാൻ പിന്തുടരുന്നത്. ആഴ്ചയിൽ ആറുദിവസം വർക്കൗട്ട് ചെയ്യും. ഒരു ദിവസം വിശ്രമിക്കും. കടുത്ത ആക്ഷൻ, പാട്ട് എന്നിവയുടെ ഷൂട്ട് ഉണ്ടെങ്കിൽ കാർഡിയോ വ്യായാമം കുറക്കും. എന്നാൽ, വെയ്റ്റ് ട്രെയിനിങ് മുടക്കില്ല’’ -റാക്കേഷ് വിശദീകരിക്കുന്നു.
കടുപ്പത്തിൽ, വിശ്രമമില്ലാത്ത വർക്കൗട്ട്
ഇടയിൽ വിശ്രമമില്ലാത്ത വ്യായാമമാണ് സൽമാന്റേത്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴുള്ള 30 സെക്കൻഡുകൾ മാത്രമാണ് വിശ്രമം. ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ് (എച്ച്.ഐ.ഐ.ടി) എന്നാണിതിനെ വിളിക്കുന്നത്. ഓരോന്നിനിടയിലും വെള്ളം കുടിക്കും. എ.സിയോ ഫാനോ പോലുള്ളവ ജിമ്മിൽ ഉപയോഗിക്കില്ല. കാർഡിയോ പോലുള്ളവ വെയിലത്താണ് ചെയ്യുക.
‘ശരീരം മനസ്സിലാക്കി’
30-40 വർഷത്തെ സ്ഥിരമായ ട്രെയിനിങ്ങിലൂടെ, തന്റെ ശരീരത്തെ സൽമാൻ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞുവെന്നും പരിശീലകൻ പറയുന്നു. ‘‘ഇക്കാര്യത്തിൽ മൗലികവാദിയാണദ്ദേഹം. 45 മിനിറ്റു മുതൽ ഒരു മണിക്കൂറിനുള്ളിൽ വർക്കൗട്ട് തീർക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.’’
വീട്ടുഭക്ഷണം മുഖ്യം
വീട്ടിലുണ്ടാക്കുന്ന, പ്രത്യേകിച്ച് മാതാവ് സൽമ ഖാൻ തയാറാക്കുന്ന ഭക്ഷണമാണ് സൽമാന്റെ ഫേവറിറ്റ്. പല സെലബ്രിറ്റികളും പിന്തുടരുന്ന വിചിത്ര ഡയറ്റിനൊന്നും അദ്ദേഹം നിൽക്കാറില്ല. അഞ്ചു നേരമാണ് ഭക്ഷണം. ‘‘രാവിലെ ഓട്സ് പോലുള്ള ധാന്യക്കഞ്ഞി, മുട്ട, പഴങ്ങൾ.
വൈകീട്ട് മീൻ അല്ലെങ്കിൽ കോഴിയിറച്ചി പോലുള്ള വീട്ടുഭക്ഷണങ്ങളും. കുറച്ച് അരി ഭക്ഷണവും കൂടുതൽ പച്ചക്കറികളും. സാലഡുകൾ പ്രധാനം. നന്നായി അധ്വാനിക്കേണ്ട ഷൂട്ട് ഉണ്ടെങ്കിൽ ഒന്നോ രണ്ടോ മാസം മുമ്പേയെങ്കിലും ഭക്ഷണം കുറക്കും. പ്രത്യേകിച്ച് ഡയറ്റ് പ്ലാൻ ഒന്നുമില്ല’’ -റാക്കേഷ് കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

