'തെറ്റിദ്ധാരണ എന്‍റെ ഭാഗത്തായിരുന്നു'; പതിറ്റാണ്ട് നീണ്ട പിണക്കം അവസാനിച്ചു, അർജിത് സിങ് നല്ല സുഹൃത്തെന്ന് സൽമാൻ ഖാൻ
text_fieldsബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും സംഗീതഞ്ജൻ അർജിത് സിങ്ങും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ടുനിന്ന പിണക്കം അവസാനിച്ചിരിക്കുകയാണ്. ഹിന്ദി ബിഗ് ബോസിൽ സംസാരിക്കവേ അർജിത്തിനെ 'നല്ല സുഹൃത്ത്' എന്ന് സൽമാൻ ഖാൻ വിശേഷിപ്പിച്ചു. ഇരുവരും ഇപ്പോൾ നല്ല ബന്ധത്തിലാണെന്നും സിനിമകളിൽ സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
2014ൽ ഒരു അവാർഡ് ദാന ചടങ്ങിനിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അവാർഡ് വാങ്ങാൻ അർജിത് വേദിയിലെത്തിയപ്പോൾ 'ഉറങ്ങിപ്പോയോ' എന്ന് സൽമാൻ ചോദിച്ചു. 'നിങ്ങളെല്ലാവരും കൂടി എന്നെ ഉറക്കി' എന്നായിരുന്നു അര്‍ജിത്തിന്‍റെ മറുപടി. താരം തമാശയായി പറഞ്ഞതാണെങ്കിലും ആ മറുപടി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.
ഇത് പിന്നീട് വിവാദങ്ങൾക്ക് കാരണമായി. അർജിത് ആവർത്തിച്ച് ക്ഷമാപണം നടത്തിയിട്ടും അർജിത്തിന്റെ ഗാനങ്ങൾ സൽമാന്റെ സിനിമകളിൽ നിന്ന് നീക്കം ചെയ്തു. 2016 മേയിൽ അർജിത് സിങ് ഫേസ്ബുക്കിൽ സൽമാൻ ഖാനോട് പരസ്യമായി ക്ഷമാപണം നടത്തി. സുൽത്താൻ എന്ന സിനിമയിലെ ജഗ് ഘൂമേയ എന്ന ഗാനത്തിന്റെ തന്റെ പതിപ്പ് നിലനിർത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
'ഇതാണ് ഞാൻ നിങ്ങളോട് സംസാരിക്കാൻ കണ്ടെത്തിയ അവസാന മാർഗം. നിങ്ങളെ വിളിക്കാനും ഞാൻ മെസ്സേജ് അയക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഞാൻ അപമാനിച്ചു എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതാണ്. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. പക്ഷെ നിങ്ങൾക്ക് അപമാനം തോന്നി എന്ന് എനിക്ക് മനസിലായി. അതിൽ വളരെയധികം ഖേദമുണ്ട്. കാരണം ഞാനും എന്റെ കുടുംബവും വളരെക്കാലമായി നിങ്ങളുടെ ആരാധകരാണ്.
എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ ക്ഷമാപണം നടത്തുന്നു. ദയവായി സുൽത്താനിൽ നിങ്ങൾക്കായി ഞാൻ പാടിയ പാട്ട് നീക്കം ചെയ്യരുത്. മറ്റാരെങ്കിലും ഈ ഗാനം പാടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ പ്രശ്നമില്ല. പക്ഷേ കുറഞ്ഞത് ഒരു പതിപ്പെങ്കിലും സൂക്ഷിക്കുക. ഞാൻ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട് സർ. പക്ഷേ നിങ്ങളുടെ ഒരു പാട്ടെങ്കിലും എന്റെ ലൈബ്രറിയിൽ സൂക്ഷിച്ചുകൊണ്ട് ഞാൻ വിരമിക്കാൻ ആഗ്രഹിക്കുന്നു' -അർജിത് കുറിച്ചു.
ഒരു ദശാബ്ദത്തിനു ശേഷം, താനും അർജിത്തും ഇപ്പോൾ വളരെ നല്ല സുഹൃത്തുക്കളാണെന്നും തെറ്റിദ്ധാരണ തന്‍റെ ഭാഗത്തുനിന്നുണ്ടായതാണെന്നും സൽമാൻ ഖാൻ സമ്മതിച്ചു. 'ഞാനും അർജിത്തും വളരെ നല്ല സുഹൃത്തുക്കളാണ്. തെറ്റിദ്ധാരണ എന്‍റെ ഭാഗത്തുനിന്നാണ് സംഭവിച്ചത്. ടൈഗർ 3യിൽ അദ്ദേഹം എനിക്ക് വേണ്ടി പാടിയിട്ടുണ്ട്. കൂടാതെ ഗാൽവാന് വേണ്ടി ഒരു ഗാനവും ചെയ്യുന്നുണ്ട്' -റിയാലിറ്റി ഷോയുടെ വാരാന്ത്യ പ്രത്യേക എപ്പിസോഡിനിടെ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

